LIFETRENDING

അതെ…അതിജീവിയ്ക്കാവുന്നതേയുള്ളൂ ഈ രോഗത്തെ,കരുതലുണ്ടെങ്കില്‍,ഇന്ന് ലോക കാന്‍സര്‍ ദിനം-ശ്രീകുമാർ ശേഖർ

ഫെബ്രുവരി 4.
ഇന്ന് ലോക കാന്‍സര്‍ ദിനം.

ബയോപ്സി റിസള്‍ട്ട് വരും എന്നു പറഞ്ഞതിന് മൂന്നു ദിവസം മുമ്പുതന്നെ
ആശുപത്രിയില്‍ നിന്ന് വിളി വന്നപ്പോള്‍ ഉറപ്പിച്ചു: പണി കിട്ടി.

ഡോക്ടര്‍മാര്‍ രണ്ടുപേര്‍ ചേര്‍ന്നു വിശദീകരിച്ചു.
‘കാന്‍സറാണ്. rectal cancer.
സര്‍ജറി വൈകേണ്ട’.

രണ്ടു മിനിറ്റ് വേണ്ടിവന്നു, മനസ്സില്‍ ചോദ്യങ്ങള്‍ രൂപപ്പെടുത്താന്‍.

Rectum പൂര്‍ണ്ണമായി നീക്കിയേ പറ്റൂ.
പിന്നീടുള്ള ജീവിതം എങ്ങനെ സാധാരണമാക്കാം എന്ന ഉപദേശങ്ങള്‍ കിട്ടി.

എല്ലാം കേട്ടു.
ആദ്യം തലയില്‍ സ്ക്രോള്‍ പോയത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍.

‘മൃത്യുവിന്‍ ദൂതുമായെത്തുന്നൊരര്‍ബുദം മുറ്റിത്തഴച്ചു വളര്‍ന്നൊരായുസ്സിനെ ചുട്ടെരിയ്ക്കുന്നതും ജീവിതം ”.

നാല്‍പ്പതാം വയസ്സില്‍ ദൂത് കൈപ്പറ്റി എന്നുറപ്പിച്ചു.

എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍
ഡോ. സന്തോഷ്‌ ജോണ്‍ എബ്രഹാമിന്റെ ചികിത്സയിലേക്ക്.

രോഗം എന്നു തുടങ്ങി എന്നു അറിയാനാകുമോ എന്നു ചോദിച്ചാല്‍
‘അറിഞ്ഞാല്‍ ആ തീയതിയില്‍ പോയി ചികിത്സിയ്ക്കാന്‍ പറ്റുമോ’
എന്നു തിരിച്ചു ചോദിയ്ക്കുന്ന ഡോക്ടര്‍.

വേണ്ടത് ചെയ്യും; വേണ്ടത് മാത്രം പറയും.

പത്തുദിവസത്തിനകം സര്‍ജറി.

Colostomy എന്ന പുണ്യപുരാതന ശസ്ത്രക്രിയ.
പതിനാറാം നൂറ്റാണ്ടുമുതല്‍ ചെയ്തുവരുന്ന കത്തിക്രിയ.

റക്ടതിനു പകരമായി വയര്‍ തുളച്ച്, കുടലിനു പുറത്തേക്കുള്ള വഴിയൊരുക്കുന്നു. അവിടെ ഒരു ബാഗും സ്ഥാപിയ്ക്കുന്നു.
ഒരു ‘സഞ്ചി ജീവിത’ത്തിന്റെ തുടക്കം.

എഴുത്തുകാരനും ശാസ്ത്രകാരനുമായിരുന്ന ജെ ബി എസ് ഹാല്‍ഡേന് colostomy ചെയ്തിരുന്നു,1964ല്‍.

പുള്ളിയ്ക്ക് അത് കവിതയ്ക്ക് വിഷയവുമായി.

Cancer’s a Funny Thing

I wish I had the voice of Homer

To sing of rectal carcinoma,

Which kills a lot more chaps, in fact,

Than were bumped off when Troy was sacked.

Yet, thanks to modern surgeon’s skills,

It can be killed before it kills

Upon a scientific basis

In nineteen out of twenty cases.

ഇങ്ങനെ പോകുന്നു, കവിത.

(‘റക്ടമില്ലാത്ത മനുഷ്യന്‍’ എന്ന പേരില്‍ ഒരു ഹൊറര്‍ നോവല്‍ എഴുതി മത്സരിച്ചാലോ എന്ന്‍ ആലോചിയ്ക്കാതിരുന്നില്ല. ഭാഷ ചെറുത്തുനിന്നു ! )

ഇതിനിടെ സ്റ്റേജ് നിര്‍ണ്ണയം വന്നു. സ്റ്റേജ് ത്രീ കാന്‍സര്‍.

മരിയ്ക്കാനുള്ള സാധ്യത 50 ശതമാനം.
(പെട്ടെന്ന് തോന്നിയത് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ തമാശയാണ്.
സ്റ്റേജ് ത്രീയിലെ ഞാന്‍ മരിക്കാതിരിയ്ക്കണമെങ്കില്‍
ഈ സ്റ്റേജില്‍ മറ്റൊരാള്‍ മരിയ്ക്കണം.
50 ശതമാന കണക്ക് ശരിയാകണമല്ലോ!.)

ഒരു മാസത്തോളം നീണ്ട ആശുപത്രി വാസം.

കീമോതെറാപ്പി ,പിന്നാലെ റേഡിയേഷന്‍.

രണ്ടു മാസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക്.
ശരീരത്തില്‍ പിടിപ്പിച്ച ബാഗ് അവയവം പോലെയായി.
മുമ്പ് ചെയ്തിരുന്നതെല്ലാം ചെയ്യാമെന്നായി.

ഇടയ്ക്കിടെ ചെക്ക്‌ അപ്പ്‌.
ചില്ലറ പ്രശ്നങ്ങള്‍.
ഇടയ്ക്കൊരു ഹെര്‍ണിയ.
അതിന്റെ ശരിപ്പെടുത്തല്‍ .

രണ്ടാംവരവ് ഉണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ എന്നു ശാസ്ത്രജ്ഞാനം.
അതുകൊണ്ട് ആദ്യ അഞ്ചു കൊല്ലം വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടിനുള്ള കാത്തിരിപ്പ് നെഞ്ചിടിപ്പ് കൂട്ടി.

സിടി സ്കാന്‍ ഫിലിമിലെ നിഴലുകളിലൂടെ നീങ്ങുന്ന
ഡോക്ടറുടെ കണ്ണിനൊപ്പം ഹൃദയം മിടിച്ചു നീന്തി.

ഡോക്ടറുടെ തലകുലുക്കലില്‍ അവസാനിച്ച പരിശോധനകള്‍.

കാന്‍സര്‍മുക്ത ജീവിതം. ഇപ്പോള്‍ പതിനാലു വര്‍ഷം പിന്നിടുന്നു.

കൃത്യമായ ചികിത്സയ്ക്കിടയില്‍ അത്ഭുത രോഗശാന്തി നിര്‍ദേശങ്ങള്‍ കിട്ടാതിരുന്നില്ല.

കീമോ ഉണ്ടാക്കിയേക്കാവുന്ന ആപത്തിനെ പറ്റിയുള്ള മുന്നറിയിപ്പുകള്‍.
റേഡിയേഷന്‍ കരിച്ചുകളയുന്ന കോശങ്ങളെ പറ്റിയുള്ള ആശങ്കകള്‍.
പാര്‍ശ്വഫലങ്ങളെപ്പറ്റിയുള്ള പേടിപ്പെടുത്തലുകള്‍ ..എല്ലാം ഉണ്ടായി.

ഒറ്റമൂലിയും അത്ഭുത സസ്യങ്ങളും യോഗയും തുടങ്ങി സദുദ്ദേശത്തോടെ പലതും നിര്‍ദേശിച്ചവരുണ്ട്..
ഒക്കെ അവഗണിയ്ക്കാന്‍ സംശയം വന്നില്ല.

ഡോക്ടര്‍ പറഞ്ഞത് മാത്രം കേട്ടു.അതൊക്കെ ചെയ്തു.

ഇടയ്ക്ക്, ഇതേ ശസ്ത്രക്രിയ ചെയ്താല്‍ പിന്നെ ജീവിച്ചിട്ട് കാര്യമില്ല എന്നു കരുതുന്ന രോഗികളെ കണ്ട് ആത്മകഥ പറഞ്ഞു ധൈര്യം പകര്‍ന്നു …പലപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം.

സര്‍ജറിയ്ക്ക് മടിച്ചുനിന്ന ഒരു മരപ്പണിതൊഴിലാളിയ്ക്ക്, ഇതേ സര്‍ജറി ചെയ്ത ആളാണെന്നത് വിശ്വാസമായില്ല.
ഒടുവില്‍ ശരീരത്തില്‍ പിടിപ്പിച്ച ബാഗ് കാട്ടി ബോധ്യപ്പെടുത്തേണ്ടി വന്നു.

കാന്‍സര്‍ ഇത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞു.
ഒപ്പം നേരത്തെ കണ്ടെത്തിയാല്‍ എത്ര കൃത്യതയോടെ
പറിച്ചെറിയാവുന്ന രോഗം എന്ന തിരിച്ചറിവും കിട്ടി.

വയറ്റില്‍ നിന്ന് രക്തം പോകുന്നത് പലതുകൊണ്ടുമാകാം.
പക്ഷെ കാന്‍സര്‍ കൊണ്ടുമാകാം എന്ന അറിവ് പ്രധാനമാണ്.

ഈ രോഗം വരുത്താവുന്ന ശീലങ്ങള്‍ ഇല്ല.
മദ്യപാനവും പുകവലിയും ഇല്ലെന്നത് ഡോക്ടര്‍ പോലും വിശ്വസിച്ചില്ല.

കുടിയ്ക്കാതെ വലിയ്ക്കാതെ പാഴായിപോയ 40 വര്‍ഷങ്ങളെപ്പറ്റി തമാശിച്ചു.
മദ്യപാനം ഈ രോഗത്തിനു വഴിതെളിയ്ക്കാം.
ജനിതക കാരണങ്ങള്‍ അടക്കം മറ്റ് കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം

ഞാന്‍ വൈകി.
ലക്ഷണം ‘കുടുംബരോഗ’മായ പൈല്‍സ് എന്നു തെറ്റിദ്ധരിച്ചു.
അതുകൊണ്ട് സ്റ്റേജ് മൂന്ന് എത്തും വരെ കണ്ടെത്താതെ പോയി.
ചികിത്സയുടെ ബലത്തില്‍ തിരികെയെത്തി.

ഒരു ലക്ഷണവും അവഗണിയ്ക്കരുത്. ഒരു മുഴയെയും വെറുതെ വിടരുത് .

ഒരു ഡോക്ടറെ; കഴിവതും നല്ലൊരു സര്‍ജനെ,അല്ലെങ്കില്‍ ഒരു oncologist നെ തന്നെ കാണുക.
പറയുന്ന പരിശോധന നടത്തുക. വേണ്ട ചികിത്സ ചെയ്യുക .

സ്ത്രീകളിലെ സ്തനാര്‍ബുദവും ഗര്‍ഭാശയ അര്‍ബുദവും
വളരെ വേഗം ചികിത്സിച്ചു മാറ്റാം.
പക്ഷെ കണ്ടെത്താന്‍ വൈകിക്കരുത്.
സംശയം തോന്നിയാല്‍ മാമോഗ്രാം/പാപ്പ് സ്മിയര്‍ ടെസ്റ്റ്‌ ചെയ്യുക.
മടിയ്ക്കരുത്.

രോഗം വരുന്ന അവയവങ്ങള്‍ എടുത്തുകളയാവുന്നവയാകാം.
പക്ഷെ അവയ്ക്കു ചുറ്റും vital organs..
അവയിലേക്കു പടര്‍ന്നാല്‍ പിടിച്ചാല്‍ കിട്ടണമെന്നില്ല.

കാന്‍സറിനെ പറ്റി സംസാരിക്കുകതന്നെ വേണം.
ഇപ്പോഴും രോഗത്തിന്റെ പേരു പറയാന്‍ പോലും മടിയ്ക്കുന്നവര്‍ ഉണ്ട് .

വന്നാല്‍ തീര്‍ന്നു എന്നു കരുതുന്നവരുണ്ട്.

നേരിടാവുന്ന രോഗമായി ഇതിനെ കാണണം .
ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ നമ്മളെ ഉലച്ചു എന്നുവരാം.

ഈ അലട്ടലുകള്‍ അവസാനിക്കുന്ന ദിനം അല്പം ദൂരെയുണ്ട് എന്ന ഓര്‍മ്മയോടെ നേരിടുക.

ചുള്ളിക്കാട് കവിതയില്‍ കൊടുത്തുവിടുന്ന മൃത്യവിന്‍ ദൂത് നിരസിച്ച് തിരിച്ചയക്കാന്‍ പറ്റും.

ഹാല്‍ഡന്‍ എഴുതിയതു പോലെ

I know that cancer often kills,

But so do cars and sleeping pills;

And it can hurt one till one sweats,

So can bad teeth and unpaid debts.

A spot of laughter, I am sure,

Often accelerates one’s cure;

So let us patients do our bit

To help the surgeons make us fit.

അതെ…അതിജീവിയ്ക്കാവുന്നതേയുള്ളൂ ഈ രോഗത്തെ,കരുതലുണ്ടെങ്കില്‍.

(ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകുമാർ ശേഖർ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് )

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: