ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആവശ്യപ്പെട്ടു . ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട തർക്കം നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ജെ പി നദ്ദ മുന്നറിയിപ്പുനൽകി. ദേശീയ അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയത് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ.
അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും വിധം പ്രവർത്തിക്കരുത് എന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധ ആവശ്യപ്പെട്ടു. ശോഭാ സുരേന്ദ്രനെ ഒപ്പം നിർത്തി പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകണമെന്നും നദ്ധ പറഞ്ഞു. ശോഭ സുരേന്ദ്രനുമായി നദ്ധ ഇന്ന് തൃശ്ശൂരിൽ കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.
അതേസമയം കെ സുരേന്ദ്രൻ നയിക്കുന്നത് ബിജെപി യാത്രയാണ് എന്ന വിമർശനവുമായി എൻഡിഎ ഘടകകക്ഷികൾ രംഗത്തെത്തി. ഘടകകക്ഷി നേതാക്കൾ ജെപി നദ്ധയെ കണ്ട് അതൃപ്തി അറിയിച്ചു. എൽഡിഎഫും യുഡിഎഫും മുന്നണി സംവിധാനമായി സംസ്ഥാന ജാഥ നടത്തുമ്പോൾ എൻഡിഎയ്ക്ക് അതില്ലെന്ന് അവർ വിമർശിച്ചു. കെട്ടുറപ്പില്ലാത്ത മുന്നണി സംവിധാനം എന്ന വിമർശനം ഉയരുമെന്നും നേതാക്കൾ നദ്ധയോട് പറഞ്ഞു. മുന്നണി യാത്രയാണ് നല്ലതെന്ന അഭിപ്രായം ജെ പി നദ്ധയും പങ്കുവച്ചു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും നദ്ധ വ്യക്തമാക്കി.ഘടകകക്ഷി നേതാക്കളെ നദ്ധ പ്രത്യേകമായാണ് കണ്ടത്.