ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ് എന്ന് കെ സുരേന്ദ്രൻ
ശബരിമല വിഷയത്തിൽ തന്ത്രപരമായ മൗനം പാലിച്ചവരാണ് യുഡിഎഫ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ആചാര സംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തെത്തിയപ്പോൾ യുഡിഎഫ് അന്ന് എവിടെയായിരുന്നു എന്നും കെ സുരേന്ദ്രൻ ചോദിച്ചു. അക്കാലത്ത് ഒരു നിലപാടും സ്വീകരിക്കാത്ത യുഡിഎഫ് ഇപ്പോൾ ശബരിമലയ്ക്ക് വേണ്ടി അലമുറയിടുന്നത് വോട്ട് രാഷ്ട്രീയം മാത്രമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംബന്ധിച്ച് ഇപ്പോൾ താൻ തീരുമാനം കൈക്കൊണ്ടിട്ടില്ല. മത്സരിക്കുമോ വേണ്ടയോ എന്നത് സംബന്ധിച്ച് പാർട്ടിയാണ് അന്തിമമായി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുക എന്നതല്ല ലക്ഷ്യം മറിച്ച് പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ മത്സരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജഗോപാൽ മത്സരിക്കുന്ന കാര്യം പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു