എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് വീണ്ടും വരുന്നു; മുസ്ലിം ലീഗുമായി ചർച്ചചെയ്യാനെന്ന് സൂചന; പ്രഖ്യാപനം ഇന്നും ഇല്ല?

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന നേതാക്കളുടെ വാക്കുകൾക്കിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും.
ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ മുസ്ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലയെന്നത് സാധാരണക്കാർക്കിടയിൽ പോലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടത്തിയ മറ്റ് സംസ്ഥാനങ്ങളിലൊക്കെയും സർക്കാർ അധികാരത്തിൽ വന്നു. എന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.






