തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അട്ടിമറിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.
പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേസന്വേഷണത്തില്‍ മനോജ്കുമാര്‍ ബോധപൂര്‍വം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
2015ല്‍ കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിന്റെ അന്വേഷണചുമതല അന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന മനോജ് കുമാറിനായിരുന്നു. ഒമ്പതുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളുണ്ട്. രണ്ട് പ്രതികള്‍ പല ദിവസങ്ങളിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തില്ലെന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.