അഞ്ച് വർഷം സോളാർ കേസിലെ കുറ്റകാർക്കെതിരെ ചെറുവിരൽ അനക്കാതിരുന്ന ഇടത് സർക്കാർ ഇപ്പോൾ കേസ് സിബിഐക്ക് വിട്ടത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
അഞ്ച് വർഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സ്വർണക്കടത്തിലും,ലൈഫ് മിഷൻ ക്രമക്കേടിലും പ്രതിച്ഛായ നഷ്ടപ്പെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത് . യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സോളാറിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന നിലപാട് സർക്കാർ എടുത്തത്. പെട്ടെന്നുണ്ടായ വീണ്ടു വിചാരത്തിന് പിന്നിലെ താത്പര്യം കേരളത്തിലെ ജനങ്ങൾ മനസിലാക്കും.
സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രം സിബിഐ അന്വേഷണം മതിയെന്ന നിലപാട് സ്വീകരിച്ച സർക്കാർ ലൈഫ് മിഷനിലും , സ്വർണ്ണകടത്തിലും , പെരിയ ഇരട്ടക്കൊല കേസിലും സിബിഐ അന്വേഷണത്തെ എതിർത്തത് ആരും മറന്നിട്ടില്ല. സിബിഐ അന്വേഷണത്തോടുള്ള സർക്കാരിന്‍റെ ഇരട്ടതാപ്പ് മറനീക്കി പുറത്ത് വരുന്നതാണ് സോളാർ കേസിലെടുത്ത സമീപനമെന്നും വി. മുരളീധരൻ ചൂണ്ടികാട്ടി.