കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുറ്റാരോപിതയായ അമ്മ. താന്‍ നിരപരാധിയാണെന്നും മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും വേണ്ടിയും സത്യം പുറത്ത് വരണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.
ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിനാധാരം. പൊലീസിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. മകന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കാനാണ് എന്നും പറഞ്ഞാണ് പൊലീസ് ജോലി സ്ഥലത്തു നിന്ന് വിളിച്ചു കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് റിമാന്‍ഡ് ചെയ്തത്. എന്തു വില കൊടുത്തും അമ്മയെ ജയിലാക്കി മകനെ തിരിച്ചു കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. മകനെ എപ്പോഴും ഭീഷണിപ്പെടുത്തിയായിരുന്നതായും യുവതി പറഞ്ഞു
പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലര്‍ജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലര്‍ജിയുടെ ഗുളികയായിരിക്കും അത്. പരാതി നല്‍കിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതല്‍ സംസാരിയ്ക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. കുഞ്ഞുങ്ങളെ തിരിച്ചു വേണം. തനിക്കു വേണ്ടിയല്ല, രാജ്യത്തെ എല്ലാ അമ്മമാര്‍ക്കു വേണ്ടിയും ഇതിന്റെ സത്യം പുറത്തു വരണം. ഭീഷണിപ്പെടുത്തിയാണ് മകനെ കൊണ്ട് ഇത്തരത്തില്‍ പറയിച്ചത്. അല്ലാതെ ഒരിക്കലും തന്റെ കുഞ്ഞ് അങ്ങനെ പറയില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
കടയ്ക്കാവൂരില്‍ 13 വയസുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.