ആലപ്പുഴ ബൈപാസിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് ആവശ്യം. കേന്ദ്രവും സംസ്ഥാനവും തുല്യപങ്കാളിത്തത്തോടെ നിർമ്മിച്ച പാതയ്ക്ക് ടോൾ ഇടാക്കേണ്ടെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബൈപ്പാസ് ഉദ്ഘാടനം.
നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്ന ബൈപ്പാസ് ആണിത്. എങ്കിലും ടോൾ ബൂത്ത് സ്ഥാപിച്ചത് തുടക്കത്തിൽ തന്നെ കല്ലുകടി ആയി. ഈ പശ്ചാത്തലത്തിലാണ് ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്ത് എഴുതിയത്.
നാല് പതിറ്റാണ്ട് ആണ് ആലപ്പുഴ ബൈപ്പാസിനു വേണ്ടി കേരളം കാത്തിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. 172 കോടി രൂപ വീതമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബൈപ്പാസ് നിർമാണത്തിന് ചെലവഴിച്ചത്.