നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ഈ ചിത്രത്തിലൂടെ നിവിൻ പോളിക്കൊപ്പം നാല് താരങ്ങൾ കൂടിയാണ് മലയാളസിനിമയിലേക്ക് പ്രവേശിച്ചത്. കൂട്ടത്തില്‍ പലരും പാതിവഴിയിൽ ജയപരാജയങ്ങൾ അറിഞ്ഞപ്പോൾ എന്നും ജയിച്ചു മുന്നേറിയത് ഒരാൾ മാത്രമാണ്. നടനായും നിർമ്മാതാവായും ഗായകനായും സംവിധാന സഹായിയായും തിരക്കഥാകൃത്തായും അദ്ദേഹം സിനിമാമേഖലയിൽ പടർന്നു പന്തലിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എല്ലാവർക്കും പ്രിയങ്കരനായി അജുവർഗീസ്.
സാജന്‍ ബേക്കറി എന്ന ചിത്രമാണ് അജുവർഗീസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ സമസ്തമേഖലയിലും പരീക്ഷണം നടത്തിയതിനുശേഷമാണ് അജു വർഗീസ് എന്ന താരം നിർമാതാവിന്റെ കുപ്പായമണിയുന്നത്. സുഹൃത്തുക്കളായ ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പമാണ് അജു വർഗീസ് ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ആദ്യം പുറത്തു വന്ന ചിത്രം നിവിൻ പോളിയേയും നയൻതാരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ്. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയെങ്കിലും ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചുവെന്ന് നിർമാതാവായ അജു വർഗീസ്. അനുഭവങ്ങളിൽ നിന്നാണ് നമ്മൾ പാഠം പഠിക്കേണ്ടതെന്നും അങ്ങനെ നോക്കിയാൽ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്ഷൻ ഡ്രാമ തന്നെ പഠിപ്പിച്ചതെന്നും ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു
പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചത്. തനിക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഈ സംരംഭത്തിൽ പങ്കാളികളാണ്. ഞങ്ങളുടെ ഫിലിം ഹൗസിൽ നിന്നും പുറത്തു വന്നിട്ടുള്ള ചിത്രങ്ങളെല്ലാം പുതുമുഖ സംവിധായകരുടെതാണ്. ജീവിതം ഒരു ഏണി പോലെയാണ് പതിയെപ്പതിയെ മാത്രമേ ഓരോ സ്റ്റെപ്പായി മുകളിലേക്ക് കയറാൻ സാധിക്കും. എൻറെ വിശ്വാസങ്ങളും ചിന്തകളുമാണ്. ഞാൻ പറയുന്നത് എല്ലാവർക്കും അത് അങ്ങനെ ആകണമെന്നില്ല-അജു വര്‍ഗീസ്