കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2019-20 വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ചെക്ക് കൈമാറി.
സംസ്ഥാന സർക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലിൽ ഉള്ളത്. 2019-20 സാമ്പത്തിക വർഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നൽകാൻ ഡയറക്ടർബോർഡ് തീരുമാനമെടുത്തിരുന്നു.
2003-04 മുതൽ സിയാൽ ലാഭവിഹിതം നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം മുടക്കുമുതലിന്റെ 282 ശതമാനമായി. 31 രാജ്യങ്ങളിൽ നിന്നായി 19,000-ൽ അധികം നിക്ഷേപകരാണ് സിയാലിനുള്ളത്.