നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാമെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ തീരുമാനമെടുത്ത് മറുപടി നൽകാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം.
കേന്ദ്രമന്ത്രി വി മുരളീധരൻ, നടൻ സുരേഷ് ഗോപി,കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ പ്രമുഖരെല്ലാം ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങും. ഈ സാഹചര്യത്തിൽ താനും മത്സരിച്ചാൽ പ്രചാരണരംഗത്ത് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡണ്ട് മത്സരിക്കുന്നതാണ് ബിജെപിയുടെ കീഴ്‌വഴക്കം.
ശക്തമായ ത്രികോണ മത്സര സാധ്യതയുള്ള 30 മണ്ഡലങ്ങളിൽ സർവ്വേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. സർവ്വേ നടത്തുന്ന ഏജൻസി രണ്ടാംഘട്ടം കണക്കെടുപ്പു പൂർത്തിയാക്കി. സർവ്വേ ഫലം കേന്ദ്രനേതൃത്വത്തിന് ഏജൻസി കൈമാറും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ സ്ഥാനാർത്ഥികൾ ആരൊക്കെ എന്നത് സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാകുമെന്നാണ് കരുതുന്നത്.