നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്, തന്നെ ഗസ്റ്റ് ആർട്ടിസ്റ്റാക്കുന്നുവെന്ന് പരാതി
നിയോജക മണ്ഡലാടിസ്ഥാനത്തിൽ കോൺഗ്രസ് വിളിച്ച യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പാർടി ആലപ്പുഴ ജില്ലാ നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശം. മാവേലിക്കര എംപിയും കെപിസിസി വൈസ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷിനെ സംഘടനാകാര്യങ്ങളിൽ അടുപ്പിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ജില്ലയിൽനിന്നുള്ള എംഎൽഎയായിരുന്ന തന്നെയും ചെന്നിത്തലയുടെ അനുയായി എം ലിജു പ്രസിഡന്റായ ഡിസിസി പരിഗണിക്കുന്നില്ലെന്ന് പി സി വിഷ്‌ണുനാഥിനും ആക്ഷേപമുണ്ട്.
ലോക്‌സഭാംഗമെന്ന നിലയിൽ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ തനിക്കുളള സ്വാധീനം എല്ലാവരും മനസിലാക്കിയാൽ കൊള്ളാമെന്ന നിലയിലാണ് കൊടിക്കുന്നിലിന്റെ നിലപാട്. ‘‘ഗസ്‌റ്റ് ആർടിസ്‌റ്റായാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം തന്നെ കാണുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കുള്ള ബന്ധം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയില്ല. വരുന്ന തെരഞ്ഞെടുപ്പ് ഒരുക്കത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇങ്ങനെ പോയാൽ വരുന്ന തെരഞ്ഞെടുപ്പിലും തോറ്റുതൊപ്പിയിടും. നിയോയാജക മണ്ഡലം പ്രവർത്തകയോഗങ്ങളിൽ കൊടിക്കുന്നിൽ തുറന്നടിച്ചു.