സോളാർകേസിലെ അനുബന്ധ കേസുകൾ സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇര മുഖ്യമന്ത്രിക്ക് കത്ത് നൽകി. മന്ത്രിസഭാ യോഗത്തിൽ സിബിഐ അന്വേഷണ തീരുമാനം എടുക്കണം എന്ന ആവശ്യം ഉന്നയിച്ചാണ് കത്ത്.
കെ സി വേണുഗോപാൽ, ഉമ്മൻചാണ്ടി, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കുന്ന കേസുകൾ സിബിഐയ്ക്കു വിടണമെന്ന ആവശ്യം ആണ് സോളാർ കേസിലെ ഇര ഉന്നയിച്ചിരിക്കുന്നത്.
ഹർജി പരിഗണിച്ച് സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് കെ സി വേണുഗോപാൽ. അദ്ദേഹത്തിനെതിരെയുള്ള സിബിഐ അന്വേഷണം ദേശീയ തലത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആകും.
സംസ്ഥാനത്തെ കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ആണ് ഉമ്മൻചാണ്ടി. സിബിഐ അന്വേഷണം വന്നാൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള ആരോപണവും ശക്തമാവും. ഇത് വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസിന് സ്വാഭാവികമായും വന്നു ചേരും . യുഡിഎഫും പ്രതിസന്ധിയിൽ ആകും . എ പി അബ്ദുള്ളക്കുട്ടിയ്ക്ക് എതിരായ ആരോപണം സിബിഐ അന്വേഷിച്ചാൽ ബിജെപിയും പ്രതിസന്ധിയിലാകും.