അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 73 പേര്‍ക്ക് മാപ്പ് നല്കി ഡൊണള്‍ഡ് ട്രംപ്. മുന്‍ നയതന്ത്രോപദേഷ്ടാവ് സ്റ്റീവ് ബന്നണ്‍ ഉള്‍പ്പെടെയാണ് മാപ്പ് നല്‍കിയത്. കൂടാതെ മറ്റ് 70 പേരുടെ ശിക്ഷയിലും ട്രംപ് ഇളവനുവദിച്ചതായി പ്രസ്താവനയിലൂടെ വൈറ്റ് ഹൗസ് വ്യക്തമാക്കി.
മാപ്പ് നല്കുന്ന തീരുമാനം അവസാന നിമിഷം എടുക്കുന്നതിന് മുമ്പ് ബന്നണുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന് വേണ്ടി ധനസമാഹരണം നടത്തിയിരുന്ന എലിയട്ട് ബ്രോയിഡിയും മാപ്പ് നല്കപ്പെട്ടവരില് പെടുന്നു. ആയുധം കൈവശം വെച്ച കുറ്റത്തിന് കഴിഞ്ഞ കൊല്ലം പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ച റാപ്പര്‍ ലില്‍ വെയ്നും ട്രംപ് മാപ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം.
ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികള്‍ ബാക്കി നില്‍ക്കുന്നതിനിടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെ ഫ്ളോറിഡയിലെ സ്വവസതിയിലേക്ക് ട്രംപ് യാത്ര തിരിക്കുമെന്നാണ് സൂചന.
സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് എത്തുക പതിവാണ് അമേരിക്കയില്‍. എന്നാല്‍ ട്രംപ് അധികാര കൈമാറ്റത്തിന് എത്തില്ല എന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്.
അതേസമയം, അമേരിക്കയുടെ 46-ാത് പ്രസിഡണ്ടായി 78 കാരന് ജോ ബൈഡന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ വംശജ 56 കാരി കമല ഹാരിസ് ഇന്ന് വൈസ് പ്രസിഡണ്ടായി അധികാരമേല്‍ക്കും.
അമേരിക്കന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ സമയം രാത്രി പത്തരയാണിത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആയിരം പേര് മാത്രം പങ്കെടുക്കുന്നതായിരിക്കും ചടങ്ങ്. ആക്രമണഭീഷണി ഉള്ളതിനാല്‍ കനത്ത സുരക്ഷാ സംവിധാനത്തില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടി ചുമതലയേല്‍ക്കുന്ന പ്രസിഡണ്ടാണ് ജോ ബൈഡന്. വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും.