NEWS

പ്രവര്‍ത്തകര്‍ക്ക് വേണ്ടി നന്ദഗോപാൽ മാരാരെ പോലെ ചാണ്ടി ഉമ്മൻ എത്തി

കേരളക്കരയിൽ വലിയ വിജയം സൃഷ്ടിച്ച സിനിമയായിരുന്നു നരസിംഹം. നായകൻ ഇന്ദുചൂടന്റെ അച്ഛനെ കോടതിയിൽ നിന്നും ഇറക്കി കൊണ്ടു വരാൻ സുഹൃത്തായ നന്ദഗോപാൽ മാരാർ എത്തുന്ന രംഗം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻപിൽ നന്ദഗോപാൽ മാരാർ അവതരിച്ചിരിക്കുകയാണ് സാക്ഷാൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ രൂപത്തിൽ. കെ.ബി ഗണേഷ് കുമാര്‍ എംഎൽഎയുടെ വാഹനത്തിന് കല്ലെറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ചവറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയത് ചാണ്ടി ഉമ്മൻ ആണ്.

ചാണ്ടി ഉമ്മന്റെ വരവിലും പ്രത്യേകതകൾ ഒരുപാടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിന്റെ കറുത്ത പാൻറും സുഹൃത്തായ അഭിഭാഷകന്റെ ബാൻഡും അണിഞ്ഞാണ് ചാണ്ടി ഉമ്മൻ കോടതിയിലെത്തിയത്. കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കുറ്റം ചാർത്തിയിരിക്കുന്നത്.

പന്മന ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രചരണത്തിനെത്തിയ ചാണ്ടി ഉമ്മാനോട് അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വിവരം ജില്ലാ പ്രസിഡൻറ് ആർ അരുൺരാജാണ് അറിയിച്ചത്. സംഭവമറിഞ്ഞതോടെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ചാണ്ടി ഉമ്മൻ പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാവുകയായിരുന്നു.

യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ പ്രചരണത്തിന് എത്തിയിരുന്ന ചാണ്ടി ഉമ്മൻ സംഭവമറിഞ്ഞതോടെ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ജോയ് മോന്റെ പാൻറും മറ്റൊരു അഭിഭാഷകന്റെ ബാന്‍ഡും കടമായി വാങ്ങിയാണ് കോടതിയിലേക്ക് പുറപ്പെട്ടത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: