Lead NewsNEWS

ജനമൈത്രി എം ബീറ്റ് വഴി വിവരശേഖരണം പോലീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്; പൗരത്വ ഭേദഗതിനിയമവുമായി ബന്ധമില്ല

നമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി പോലീസ് നടപ്പാക്കുന്ന മൊബൈൽ ബീറ്റ് (എം ബീറ്റ്) സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി വ്യാപകമായി ദുഷ്പ്രചരണം നടത്തുന്നതിനെതിരെ പോലീസ് മുന്നറിയിപ്പുനൽകി. എം ബീറ്റിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കുപ്രചരണങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജനമൈത്രി സുരക്ഷാപദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറും ക്രൈംബ്രാഞ്ച് മേധാവിയുമായ എ ഡിജിപി എസ്. ശ്രീജിത്ത് അറിയിച്ചു.

പോലീസിന്‍റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ മനസ്സിലാക്കുകയാണ് ആണ് എം ബീറ്റ് അഥവാ മൊബൈൽ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

ജനങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം യാതൊരു വ്യക്തിഗത വിവരങ്ങളും അവരുടെ സമ്മതമില്ലാതെ സ്വീകരിക്കുന്നതല്ല. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി താമസിച്ച് തീവ്രവാദം പോലുള്ള പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരെ വളരെ വേഗം കണ്ടെത്തുന്നതിനും വിവരശേഖരണം സഹായിക്കും. പൊതുസമൂഹത്തിന്‍റെ നന്മയ്ക്കായി ആവിഷ്കരിക്കുന്ന ഇത്തരം പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണങ്ങൾ എ ഡി ജി പി എസ് ശ്രീജിത്ത് അഭ്യർത്ഥിച്ചു.

കേരളാ പോലീസ് ആക്റ്റിലെ 64, 65 വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള സംവിധാനമാണ് ജനമൈത്രി സുരക്ഷാപദ്ധതി. ഇതിന്‍റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രധാനപ്പെട്ട പ്രവർത്തനമാണ് ജനമൈത്രി ബീറ്റ്. പോലീസ് സ്റ്റേഷൻ പരിധിയിൽ നിശ്ചിത ശതമാനം വീടുകൾ അടങ്ങിയ പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി ജനമൈത്രി ബീറ്റുകളായി വിഭജിച്ചിട്ടുണ്ട്. ബീറ്റ് ഉദ്യോഗസ്ഥർ തന്റെ പരിധിയിലെ ഓരോ വീട്ടിലെയും ഒരംഗത്തിനെ എങ്കിലും വ്യക്തിപരമായി അറിയാൻ ശ്രമിക്കും. ബീറ്റ് പ്രദേശത്തെ എല്ലാ റോഡും ഇടവഴികളും പോലും ബീറ്റ് ഓഫീസർക്ക് സുപരിചിതമായിരിക്കും. മുൻകാലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ഏരിയയിൽ സൂക്ഷിച്ചിട്ടുള്ള ഉള്ള ബീറ്റ് ബുക്ക്, പട്ട ബുക്ക് എന്നിവയില്‍ സന്ദർശനവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനമൈത്രി സംവിധാനം കൂടുതൽ കാര്യക്ഷമമായപ്പോൾ വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നതിന് എം ബീറ്റ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിവരികയാണ്. ബീറ്റ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന സ്ഥലങ്ങളിലെ വീടുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ട്രൈബൽ കോളനികൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അവരുടെ പേര്, വിലാസം, തൊഴിൽ, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ, വാഹനങ്ങളുടെ വിവരങ്ങള്‍, ആധാർ, റേഷൻ കാർഡ് നമ്പർ, സംസ്ഥാനത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലും ജോലിയുള്ളവരുടെ വിവരങ്ങൾ എന്നിവയാണ് ഡിജിറ്റലായി ശേഖരിക്കുന്നത്. ഇത്തരം കാര്യങ്ങൾ വിശകലനം ചെയ്ത് കൂടുതൽ കൃത്യമായ നിയമപരിപാലനവും സംരക്ഷണവും സേവനവും പൊതുജനത്തിന് നൽകുന്നതിന് വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങൾ, പ്രത്യേകശ്രദ്ധ ആവശ്യമുള്ള വൃദ്ധർ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിവരുന്നു.

ഈ സംവിധാനം പൂർണമായി പ്രവർത്തനസജ്ജമാകുമ്പോള്‍ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് തന്റെ പരിധിയിലുള്ള ഏതൊരു വിലാസവും ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് വളരെ പെട്ടെന്ന് കണ്ടുപിടിക്കാനും ആവശ്യമായ സേവനങ്ങളും സഹായങ്ങളും എത്തിക്കാനും കഴിയും. അത്യാവശ്യഘട്ടങ്ങളിൽ പോലീസിന് നേരിട്ട് സംഭവസ്ഥലത്ത് വളരെ പെട്ടെന്നുതന്നെ എത്തിച്ചേരുന്നതിനും അയൽവാസിയെ വിവരം അറിയിക്കുന്നതിനും ഈ സംവിധാനം വഴിയുള്ള വിവരശേഖരണം വഴി സാധിക്കും. ബീറ്റിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ ലൊക്കേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വളരെ കൃത്യമായി മനസ്സിലാക്കാനാവും. അതിനാല്‍ ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥനെ സംഭവസ്ഥലത്തേയ്ക്ക് അയയ്ക്കാനും കഴിയും. പോലീസ് പട്രോളിങ് വാഹനങ്ങളുടെ ലൈവ് ട്രാക്കിംഗ് സിസ്റ്റം കൂടി ഈ സംവിധാനത്തോടൊപ്പം ബന്ധപ്പെടുത്തിയിട്ടുള്ളതിനാൽ കൂടുതൽ കാര്യക്ഷമമായ പോലീസ് സംവിധാനവും നടക്കും.

കോവിഡ് വൈറസ് പടർന്നുപിടിച്ചപ്പോൾ എം ബീറ്റ് പദ്ധതിയിലൂടെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ എത്തിച്ചു നൽകിയിരുന്നത്. അതിഥി തൊഴിലാളികളുടെ പൂർണമായ വിവരം ശേഖരിച്ച് അവരെ ലേബർ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കാനും ഭക്ഷണവും മറ്റു സർക്കാർ സേവനങ്ങളും ലഭ്യമാക്കാനും സ്വന്തം സംസ്ഥാനത്തേയ്ക്ക് മടക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും എം ബീറ്റ് വഴിയുള്ള വിവര ശേഖരണം മുഖേന കഴിഞ്ഞിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമല്ലാതിരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത്തരം സൗകര്യങ്ങൾ എത്തിക്കുന്നതിനും എം ബീറ്റ് മുഖേന ലഭ്യമാക്കിയ വിവരങ്ങൾ ഉപയോഗിക്കുകയുണ്ടായി.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ പരാജയപ്പെട്ട കുട്ടികൾക്കും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കും ആവശ്യമായ പരിശീലനം നൽകി അവരെ അടുത്ത പരീക്ഷയ്ക്ക് സജ്ജമാക്കുന്ന ഹോപ്പ് പദ്ധതിയുടെ നടത്തിപ്പിനും ഈ സംവിധാനം വഴിയുള്ള വിവരശേഖരണം ഏറെ സഹായകമായിട്ടുണ്ട്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരുടെയും സന്മനസ്സുള്ള മറ്റുള്ളവരുടെയും സഹായത്തോടെ കേരളത്തിലങ്ങോളമിങ്ങോളം ഭവനരഹിതർക്ക് 45 വീടുകൾ നിർമ്മിച്ചു നൽകിയതും കോവിഡ് കാലത്ത് 18,246 രോഗികളെ ആശുപത്രിയിലെത്തിക്കാനും ഗുരുതരമായ രോഗം ബാധിച്ച 12,327 പേർക്ക് ആവശ്യമായ ജീവൻരക്ഷാമരുന്നുകൾ എത്തിക്കാനും കഴിഞ്ഞതും എം ബീറ്റ് പദ്ധതിയിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ്.

പൊതുസമൂഹത്തിന്‍റെ നന്‍മയ്ക്കായി ആവിഷ്ക്കരിക്കുന്ന വിവിധ പദ്ധതികളും ജനമൈത്രി പോലീസിന്‍റെ എം ബീറ്റ് ഉള്‍പ്പെടെയുള്ള പദ്ധതികളും വിജയിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് എ ഡി ജി പി എസ് ശ്രീജിത്ത് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: