CrimeNEWS

മരിക്കുന്നതിന് തൊട്ടുമുമ്പ് മേഘ സുകാന്തിനെ വിളിച്ചത് എട്ട് തവണ; അന്വേഷണം ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്തിനെ തിരഞ്ഞ് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. എടപ്പാള്‍ സ്വദേശിയായ സുകാന്ത് ഒളിവിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഈഞ്ചയ്ക്കല്‍ പരക്കുടിയില്‍ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകന്‍ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകള്‍ മേഘയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാല് തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ എട്ടു സെക്കന്റ് വീതം മാത്രമാണ് ഈ വിളികള്‍ നീണ്ടിട്ടുള്ളത്. ഈ ഫോണ്‍ വിളികള്‍ എന്തിനായിരുന്നുവെന്നും എന്തായിരുന്നു ലക്ഷ്യമെന്നുമാണ് പൊലീസ് തിരയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സെക്യൂരിറ്റി അസിസ്റ്റന്റായ സുകാന്ത് സുരേഷ് ലീവിലാണ്.

Signature-ad

രാജസ്ഥാനിലെ ജോധ്പുരില്‍ നടന്ന ട്രെയിനിങിനിടെയാണ് സുകാന്തുമായി മേഘ അടുപ്പത്തിലാകുന്നത്. പലതവണ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മേഘ പണം മാറ്റിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് തിരികെ സുകാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം ഇട്ടിട്ടുള്ളതും. സുകാന്തിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നു. സുകാന്ത് പലവട്ടം തിരുവനന്തപുരത്തും വന്നിട്ടുണ്ട്. എന്നാല്‍ യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് മേഘയായിരുന്നു. മേഘയ്ക്കുമേല്‍ കൂടുതല്‍ ഭീഷണിയും ചൂഷണവും നടന്നതായി സംശയിക്കുന്നതായും കുടുംബം പറയുന്നു.

ഫോണ്‍ ഓഫാക്കി ഒളിവില്‍ പോയ സുകാന്തിനായുള്ള തിരച്ചിലില്‍ ഐബിയുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. അതേസമയം, സുകാന്ത് ഒളിവില്‍ പോയത് പൊലീസിന്റെ വീഴ്ചയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: