KeralaNEWS

മോഹന്‍ലാലിന്റെ ഖേദ പ്രകടനം; ആലപ്പുഴ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി, രാജിവെച്ച് ഭാരവാഹികള്‍

ആലപ്പുഴ: എമ്പുരാന്‍ സിനിമാ വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Signature-ad

ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല. അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

Back to top button
error: