ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികള്‍ക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
250 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 സ്ഥലത്താണ് ബഡ്സ് സ്‌കൂള്‍ ഉള്ളത്. മൈല്‍ഡ്-മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യല്‍ സ്‌കൂളുകളുടെ ധനസഹായം 60 കോടിയായി ഉയര്‍ത്തി. ഈ വിഭാഗത്തില്‍ കൂടുതല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തും. 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തും.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തും. ബാരിയര്‍ ഫ്രീ പദ്ധതിയ്ക്കായി ഒമ്പത് കോടി രൂപ വകയിരുത്തും.
ജീവിത ശൈലീരോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീടുകളിലെത്തിച്ചു നല്‍കുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താണനിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് വയോജനങ്ങള്‍ക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നല്‍കും.
കോവിഡ് പിന്‍വാങ്ങുന്നതോടെ എല്ലാ വാര്‍ഡുകളിലും വയോ ക്ലബുകള്‍ ആരംഭിക്കും. 2022 ല്‍ 5000 വയോ ക്ലബുകള്‍ തുടങ്ങും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 290 കോടി രൂപ വയോജനങ്ങള്‍ക്കായി മാറ്റി വെക്കും. വയോമിത്രം, സായംപ്രഭ സ്‌കീമുകള്‍ക്ക് 30 കോടി രൂപ അനുവദിക്കും.