തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ കത്തു നല്കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്. ശബരീനാഥന്.
കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.
സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം… “ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും”
PSC ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന് അപമാനമാണെന്നും ശബരീനാഥന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാലു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കമല്‍ നല്കിയ കത്തിന്റെ പകര്‍പ്പാണു പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്തു നിയമസഭയില്‍ പുറത്തുവിട്ടത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിലാണ് ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.
ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കുമെന്നാണു കമല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/SabarinadhanKS/posts/1539647912893325