NEWS

പോക്‌സോ കേസില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവിന്റെ വാദം പൊളിയുന്നു; നിര്‍ണായക തെളിവുകള്‍ പുറത്ത്


കേരള മനസാക്ഷിയെ ഞെട്ടിച്ച കടയ്ക്കാവൂര്‍ സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ യുവതിയെ ഭര്‍ത്താവ് മനപ്പൂര്‍വ്വം കുടുക്കിയതാണെന്ന് സാധൂകരിക്കുന്ന നിര്‍ണായ തെളിവുകള്‍ പുറത്ത് വന്നതായി സൂചന. ഇതോടെ യുവതിയ്‌ക്കെതിരെ ഭര്‍ത്താവ് മനപ്പൂര്‍വ്വം കേസ് സൃഷ്ടിച്ചെടുത്തതാണെന്ന വാദത്തിലേക്കാണ് കാര്യങ്ങള്‍ അടുക്കുന്നത്. യുവതിയുമായി വേര്‍പ്പെട്ട് മാറി താമസിക്കുകയായിരുന്ന ഭര്‍ത്താവിന്റെ കാമുകിയുമായുള്ള രണ്ടാം വിവാഹം മതപരമായിരുന്നു എന്ന വാദത്തെ പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മതപരമായിട്ടാണ് രണ്ടാം വിവാഹം നടത്തിയതെന്ന ഭര്‍ത്താവിന്റെ വാദം ജമാ അത്ത് കമ്മിറ്റി തള്ളിക്കളഞ്ഞു.

കല്യാണം നിയമപരമല്ലെന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പള്ളിക്കമ്മറ്റി പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം യുവതി എതിര്‍ത്തതോടെയാണ് വൈരാഗ്യം ആരംഭിച്ചതും മകനെ ഉപയോഗിച്ച് അമ്മയ്‌ക്കെതിരെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന പേരില്‍ കേസ് കൊടുത്തതും. ഇത് തെളിയിക്കുന്ന രേഖകളും പുറത്ത് വന്നതായി സൂചനയുണ്ട്.

കടക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവതിയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിസംബര്‍ 18 നാണ് കടക്കാവൂര്‍ പൊലീസ് കുട്ടിയുടെ അമ്മയുടെ പേരില്‍ പോക്‌സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്ന് മുതല്‍ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്റെ മൊഴി പുറത്തുവന്നതോടെയാണ് കേസില്‍ ട്വിസ്റ്റ് ഉണ്ടായത്. സംഭവത്തില്‍ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അന്വേഷണം നടത്താതെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കാത്ത കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തതായും ആരോപണമുണ്ട്. അതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.സുനന്ദ സര്‍ക്കാരിന് പരാതി സമര്‍പ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു കുട്ടി നല്‍കിയ മൊഴി, CWC നല്‍കിയ റിപ്പോര്‍ട്ട് എന്നിവ പ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത് എന്നാണ് കടയ്ക്കാവൂര്‍ പൊലീസ് കോടതിയെ അറിയിച്ചത്. കേസിനെക്കുറിച്ച് ആദ്യവിവരം നല്‍കിയ ആളായി എഫ്ഐആറില്‍ CWC ചെയര്‍പഴ്സന്‍ എന്‍. സുനന്ദയുടെ പേരാണ് ചേര്‍ത്തത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയുടെ കൗണ്‍സിലിങ് നടത്തുകയോ കേസെടുക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നു CWC അധികൃതര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസിലെ കൗണ്‍സിലറാണ് കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അത് പൊലീസിനു കൈമാറുക മാത്രമാണ് ചെയ്തത്. കുട്ടി പീഡനത്തിനു ഇരയായെന്ന വിവരം അറിയിച്ചത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയത് തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. 2019 ല്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി പ്രതിമാസം 60000 രൂപ ആവശ്യപ്പെട്ട് കുടുംബക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ അടുത്ത് നിന്നും കുട്ടികളെ തനിക്കൊപ്പം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് കുട്ടികളുമായി ഇയാള്‍ വിദേശത്തേക്ക് പോവുകയും അവിടെ വെച്ചാണ് കുട്ടി അമ്മയില്‍ നിന്നും നേരിട്ട പീഡനങ്ങളെപ്പറ്റി അറിയുന്നതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. യുവതിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. 13 വയസ്സുള്ള കുട്ടിയെ ഉപയോഗിച്ച് ഭര്‍ത്താവും അയാളുടെ വീട്ടുകാരും യുവതിയെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button