മൊറയൂർ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതി അട്ടിമറിച്ചതിനെതിരായ കോടതിവിധി മറികടക്കാൻ ജില്ലാ കലക്ടറെയും കബളിപ്പിച്ചു. മൂന്നു തവണയായി അറുപത് ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞിട്ടും കുടിവെള്ളമെത്തിക്കാതെ വഞ്ചിച്ചതിനെതിരെ പട്ടിക ജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പുതിയ നീതിപോരാട്ടത്തിനൊരുങ്ങുകയാണ് മൊറയൂർ പുലിക്കോട്ടിൽ കോളണി നിവാസികൾ.
ഈ കോളനിയോടു ചേർന്നുള്ള പാടശേഖരത്തിൽ ആറു പതിറ്റാണ്ടിലേറെ മുമ്പ് നിർമ്മിച്ച പൊതുകിണറിൽ നിന്ന് തങ്ങൾക്കും കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എഴു വർഷം മുമ്പാണ് കോളനിക്കാർ പോരാട്ടം തുടങ്ങിയത്. ആദ്യ പരാതിക്കാരനായ കെ. നാടിക്കുട്ടി, പദ്ധതി നടപ്പായിക്കിട്ടാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഇടപെടലും ജില്ലാ ഓംബുഡ്സ്മാന്റെ അനുകൂല ഉത്തരവും (ആറുമാസത്തിനകം പദ്ധതി നടപ്പാക്കണമെന്ന) നേടിയെടുത്തെങ്കിലും മൂന്നു തുടർ വർഷങ്ങളിലും ഇതിനുള്ള പദ്ധതിത്തുക വകമാറ്റി ചെലവഴിക്കപ്പെട്ടു. വീണ്ടും പരാതി രൂക്ഷമായപ്പോൾ 6.80 ലക്ഷം രൂപ ചെലവിട്ടെങ്കിലും പദ്ധതിക്കിണർ മോടിപിടിപ്പിക്കുക മാത്രം ചെയ്ത് കരാറുകാർക്ക് കൊള്ളയടിക്കാൻ അത് അവസരമാക്കി പഞ്ചായത്തധികൃതർ.
പദ്ധതി നടപ്പാക്കാൻ വ്യക്തമായ നിർദ്ദേശങ്ങളൊന്നും പരാതിക്കാർ സമർപ്പിച്ചില്ലെന്ന് വിശദീകരിച്ചാണ് ഓംബുഡ്സ്മാന്റെ നടപടികളിൽനിന്ന് പഞ്ചായത്തധികൃതർ അന്ന് തല രക്ഷപ്പെടുത്തിയത്. പരാതിക്കാരുടെ പൈതൃക അവകാശമായ കുടിവെള്ള ശേഖരം ശ്രദ്ധയിൽപ്പെട്ടതോടെ കൂടുതൽ തീവെട്ടിക്കൊള്ളക്കും ദളിത് വഞ്ചനക്കും അതിനെയും അവസരമാക്കുകയായിരുന്നു പിന്നീട്.
അങ്ങനെ, 25 ലക്ഷം രൂപ കൂടി കുടിവെള്ളമെത്തിക്കാനെന്നും പറഞ്ഞ് മാറ്റിവെച്ചു. കോളണിയിൽ നിന്നും ഏറെ ദൂരെ മാറി ടാങ്ക് പണിയുകയും, പമ്പ് ഹൗസും മോട്ടോറും സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, പുലിക്കോട്ടിൽ കോളനി നിൽക്കുന്നത് ടാങ്കിനെക്കാൾ ഉയരത്തിലാണെന്ന് വൈകി കണ്ടെത്തിയെന്ന് വിചിത്രവാദമുന്നയിച്ച് ഈ പദ്ധതിയിൽ നിന്നും കോളനിക്കാരെ പുറത്താക്കി. കോളനിയിൽത്തന്നെ ടാങ്ക് പണിയാൻ കോളനിവാസികൾ സ്ഥലംപോലും വിട്ടു നൽകാൻ സന്നദ്ധരായിരിക്കെയായിരുന്നു ഈ രണ്ടാം അട്ടിമറി.
ഈ പദ്ധതിയിൽ നിന്നെങ്കിലും തങ്ങൾക്ക് കുടിവെള്ളം കിട്ടുമെന്ന കോളനിക്കാരുടെ പ്രതീക്ഷയും പാഴാകുമെന്നു വന്നപ്പോൾ കോളനിവാസികൾ ഹൈക്കോടതിയുടെ സഹായം തേടി. എന്നാൽ, അതിനെയും വീണ്ടുമൊരു പദ്ധതിക്കൊള്ളക്ക് ഉപയോഗിക്കുകയായിരുന്നു, പഞ്ചായത്തധികൃതർ.
ഉപഭോക്തൃവിഹിതം പിരിച്ചുള്ള ജലവിതരണത്തിലേക്ക് വകമാറ്റിയ പദ്ധതിയിൽ പത്തു മീറ്റർ കൂടി അധിക പൈപ്പിട്ടാൽ കോളനിക്ക് കുടിവെള്ളമെത്തുമെന്ന് അറിയിച്ചാണ് കോളനിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ പരാതിക്കാരൻ നാടിക്കുട്ടിയുടെ (അദ്ദേഹം അതിനകം മരിച്ചുപോയി) മകൻ വിശാൽ സമർപ്പിച്ച ഹർജിയിൽ ഇതിലവർക്ക് അനുകൂലവിധിയും കഴിഞ്ഞ ആഗസ്തിൽ കിട്ടി.
എന്നാൽ ഇതിനകം, വാട്ടർ അതോറിറ്റിയിൽ കുടിവെള്ള പദ്ധതിക്കായി നിക്ഷേപമുള്ള പതിനാലരലക്ഷം രൂപയിലേക്ക് പഞ്ചായത്തധികൃതരുടെ കണ്ണു പതിഞ്ഞു. 25 ലക്ഷം ചെലവിട്ട പദ്ധതിയിലെ പൈപ്പുകൾ അല്പം നീട്ടി കോളനിയിൽ കുടിവെള്ളമെത്തിക്കുകയെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിനുപകരം, വാട്ടർ അതാറിറ്റി നിക്ഷേപ സംഖ്യകൂടി കോളനിക്കാരുടെ പേരിൽ അടിച്ചെടുക്കാനായിരുന്നു അവരുടെ തീരുമാനം. അതിനായുള്ള അടിയന്തര തീരുമാനവും ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പഞ്ചായത്തധികൃതർ ഔദ്യോഗികമായി കൈക്കൊണ്ടു. കൃത്യമായ കോടതിയലക്ഷ്യം അന്നുതന്നെ ആരംഭിച്ചു.
വിധി നടപ്പാക്കാൻ കോടതി നിയോഗിച്ച ജില്ലാ കലക്ടറെ കബളിപ്പിക്കലായിരുന്നു അടുത്ത ഘട്ടം. കോവിഡ് പശ്ചാത്തലത്തിൽ സൂം സംവിധാനത്തിൽ വിളിച്ച യോഗത്തിൽ പരാതിക്കാർക്ക് വിവരങ്ങൾ മുഴുവൻ അവതരിക്കുന്നതിലെ പരാധീനത പഞ്ചായത്തധികൃതർ ശരിക്കും മുതലെടുത്തു. പരാതിക്കടിസ്ഥാനമായ മുൻ അട്ടിമറികളൊന്നും പുതുതായി ചുമതലയേറ്റ കലക്ടറുടെ ശ്രദ്ധയിൽ പെടാതിരിക്കുന്നതിൽ അവർ വിജയിച്ചു.
ഇതിനും പിന്നാലെയാണ് ഉദ്യോഗസ്ഥസംഘം കലക്ടറെ പിന്നെയും കബളിപ്പിച്ചത്. പരാതിക്കാരെ വ്യാജവിവരം നൽകി മുമ്പുതന്നെ പറ്റിച്ചു. പദ്ധതിക്കായി ചെലവഴിക്കാൻ ഏറ്റവുമൊടുക്കം നിശ്ചയിച്ച പതിനാലര ലക്ഷത്തിലേക്ക് ജില്ലാ പഞ്ചായത്ത് 11,20,000 രൂപ വകയിരുത്തിയിട്ടുണ്ടെന്ന് രേഖാമൂലം പരാതിക്കാരനായ അഭിലാഷിനെ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. കോടതിയുത്തരവു നടപ്പാക്കാൻ കലക്ടർ വിളിച്ച യോഗത്തിലും ഇതേ സംഖ്യയുടെ കാര്യം സെക്രട്ടറി കലക്ടറോടും ആവർത്തിച്ചു.
ഇതിന്റെ വെളിച്ചത്തിൽ, ഈ പദ്ധതിയെങ്കിലും നടപ്പായിക്കിട്ടാൻ കോളനിക്കാർ വാട്ടർ അതോറിറ്റി അധികൃതരെ സമീപിച്ചപ്പോഴാണ് കലക്ടറെയടക്കം വ്യാജവിവരം രേഖാമൂലം നൽകി പഞ്ചായത്ത് അധികൃതർ കബളിപ്പിച്ചത് വെളിവായിരിക്കുന്നത്. ഈ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്തിനോട് മാറ്റി വെക്കാൻ ഗ്രാമപഞ്ചായത്തധികൃതർ ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ മാത്രമാണെന്ന് വാട്ടർ അതോറിറ്റി കാര്യാലയം സ്ഥിരീകരിച്ചു.
അതോടെ, മതിയായ തുകയില്ലാത്തതിന്റെ പേരിൽ വാട്ടർ അതോറിറ്റിയും ഈ പദ്ധതി കയ്യൊഴിയുമെന്ന നിലയാണ്. ഫലത്തിൽ, ജില്ലാ കലക്ടറെയടക്കം ഇരുട്ടിൽ നിർത്തി ഈ പദ്ധതിയും നടപ്പാകരുതെന്ന രീതിയിൽ നീക്കം നടന്നുവെന്നത് വ്യക്തമാണ്. എന്നാലതിനു പിന്നിലെ താല്പര്യങ്ങളുടെ ഉള്ളുകള്ളികൾ വ്യക്തമല്ല. സമഗ്രമായ ഒരന്വേഷത്തിലൂടെ മാത്രമേ അത് വെളിപ്പെടാനിടയുള്ളൂ. ഓംബുഡ്സ്മാനെയും ഹൈക്കോടതിയെയും ഏറ്റവുമൊടുക്കം കലക്ടറെയും കബളിപ്പിച്ചാണ് കോളനിവാസികളോടുള്ള അതിക്രമപരമ്പര അരങ്ങേറിയിരിക്കുന്നത്.
അതിക്രമത്തിലെ യഥാർത്ഥ പിന്നണിക്കാരെ പുറത്തു കൊണ്ടുവരാൻ പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമലംഘനം ഉന്നയിച്ച് കോടതിയെയും മുഖ്യമന്ത്രിയെയും സമീപിക്കാനൊരുങ്ങുകയാണ് കോളനിവാസികളുടെ സമരസമിതി. അതിന്റെ മറവിൽ കുടിവെള്ളമെത്തുന്നത് ഇനിയും വൈകുമെന്ന് ഭയമുള്ളതിനാൽ വെള്ളത്തിനായി പ്രക്ഷോഭരംഗത്തിറങ്ങാനും അവർ തീരുമാനിച്ചിട്ടുണ്ട്.