Lead NewsNEWSTRENDING

തെറ്റുകാര്‍ ആരൊക്കെ.? കടയ്ക്കാവൂര്‍ സംഭവത്തിന്റെ സത്യാവസ്ഥയെന്ത്.?


സ്വന്തം അമ്മ മകനെ പീഡിപ്പിച്ചെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടുണര്‍ന്നത്. വാര്‍ത്തയറിഞ്ഞവര്‍ മുന്‍പിന്‍ ചിന്തിക്കാതെ ആ അമ്മയ്ക്ക് നേരെ വാളെടുത്തു. സമൂഹമാധ്യമങ്ങള്‍ അവര്‍ക്കെതിരെ പോരടിച്ചു. ഓണ്‍ലൈന്‍ കവികള്‍ അവരുടെ മാതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കവിതകള്‍ രചിച്ചു. എല്ലാവരും ഹാപ്പി…..
പക്ഷേ കഴിഞ്ഞ ദിവസം സംഭവത്തില്‍ അമ്മ തെറ്റുകാരിയല്ലെന്നും അച്ചനും അച്ചന്റെ കാമുകിയും ചേര്‍ന്ന് അമ്മയ്‌ക്കെതിരെ കള്ളക്കേസ് കൊടുത്തതാണെന്നും രണ്ടാമത്തെ മകന്‍ വെളിപ്പെടുത്തിയിരുന്നു. കേസ് സുപ്രധാനമായ വഴിത്തിരിവിലേക്ക് മാറിയതോടെ ഓണ്‍ലൈന്‍ ലോകം ആ അമ്മയ്ക്ക് വേണ്ടി നിലവിളിച്ചു തുടങ്ങി. മാതൃത്വത്തെ കളങ്കപ്പെടുത്തുവാന്‍ കള്ളക്കേസ് ചമച്ച അച്ചനെതിരെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. കേസിലെ സത്യാവസ്ഥ പുറത്ത് വന്നതോടെ പ്രതിക്കൂട്ടിലാകുന്നവരുടെ കൂട്ടത്തില്‍ കേരള പോലീസുമുണ്ടാവുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ചോദ്യം. കേസില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യാന്‍ പോലിസിനെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്. ഐജി ഹര്‍ഷിത അട്ടല്ലൂരിയെ ആണ് ഈ കാര്യം അന്വേഷിക്കാന്‍ അധികൃതര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംഭവം സങ്കീര്‍മായതോടെ കേസില്‍ വനിതാ കമ്മീഷന്റെ ഇടപെടലും ശക്തമായി ഉണ്ടായിട്ടുണ്ട്.

ഭര്‍ത്താവ് നല്‍കിയത് കള്ളപ്പരാതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ വീട്ടുകാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ യുവതിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. യുവതിയുടെ മേല്‍ പോക്‌സോ കേസ് ചുമത്തിയിരിക്കുന്നതിനാല്‍ ജാമ്യം ലഭിക്കുന്ന കാര്യത്തില്‍ സംശയവും നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. കേസില്‍ മകള്‍ നിരപരാധിയാണെന്നും ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കള്ളക്കേസ് നല്‍കിയതാണെന്നും ആവര്‍ത്തിച്ച് പ്രതിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. മകളുമായി നിരന്തരം സ്ത്രീധനത്തിന്റെ പേരില്‍ വഴക്കിടാറുണ്ടെന്നും കുട്ടിക്ക് മയക്ക് മരുന്ന് നല്‍കിയിരുന്നതായും ഇവര്‍ ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ തന്നെ മകളും ഭര്‍ത്താവും അവരുടെ വീട്ടുകാരും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു.

അതേ സമയം ഭാര്യ മകനെ പീഡിപ്പിച്ചുവെന്ന് താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് ഭര്‍ത്താവ് പറയുന്നു. മകന് ചില വൈകല്യങ്ങള്‍ കണ്ടപ്പോള്‍ കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതാണ്. എസ്.ഐ യും വനിതാ പോലീസ് ഉദ്യോഗസ്ഥയുമാണ് കുട്ടിയോട് സംസാരിച്ചത്. പിന്നീട് അവിടെ നിന്നും കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയുമായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. ഭാര്യയുമായി പിരിഞ്ഞ ശേഷം ഇയാള്‍ മക്കളുമായി വിദേശത്തേക്ക് പോയിരുന്നു. അവിടെ വെച്ചാണ് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയത്. ഇതിനെത്തുടര്‍ന്ന് കുട്ടിയോട് സംസാരിപ്പോഴാണ് വര്‍ഷങ്ങളായി നടക്കുന്ന പീഡനത്തെപ്പറ്റി ഭര്‍ത്താവ് അറിയുന്നത്. കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പടെ സ്വീകരിച്ചിട്ടാണ് കേസ് എടുത്തതെന്നും പോലീസ് പറയുന്നു. അതേ സമയം കുടുംബത്തിലെ പ്രശ്‌നങ്ങളോ മൊഴിയിലെ പൊരുത്തക്കേടുകളോ പരിശോധിക്കാതെ പോലീസ് നടപടിയെടുത്തതിനെതിരെയും ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്.

അതേ സമയം ഇളയ മകന്റെ മൊഴിയെ ശരിവെക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ആ കുടുംബത്തില്‍ നടന്നിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയാണ്. യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മൂന്ന് വര്‍ഷമായി ഇരുവരും വേര്‍പെട്ട് കഴിയുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുകള്‍ പറയുന്നു. വിവാഹ മോചനം നേടാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും വ്യക്തമായിട്ടുണ്ട്. ആ കാര്യം യുവതി എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കേസില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍ ആരോപിക്കുന്നുണ്ട്. കേസിന്റെ സത്യാവസ്ഥയെ പറ്റി ശിശുക്ഷേമ സമിതിയും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കേസും തുടര്‍ന്ന് പുറത്ത് വരുന്ന വാര്‍ത്തകളും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: