Lead NewsNEWS

അനുകൂലികളുടെ അഴിഞ്ഞാട്ടം ട്രംപിന്റെ അനുമതിയോടെയോ.?

മേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ച് കയറിയത്. ക്യാപിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്ന ട്രംപ് അനുകൂലികള്‍ അക്രമാസക്തരായി.

ക്യാപിറ്റോള്‍ മന്ദിരത്തിന് ഉള്ളില്‍ ഒരു സ്ത്രീ വെടിയേറ്റുമരിച്ചു. അഞ്ചു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മന്ദിരത്തിനു സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നു. തുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികള്‍ ബാരിക്കേഡുകള്‍ തകര്‍ത്താണ് അകത്തു കയറിയത്.

പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികള്‍ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ പ്രതിഷേധക്കാരോട് സമാധാനം പാലിക്കാനും മടങ്ങി പോകാനും അഭ്യര്‍ത്ഥിച്ചു. പ്രതിഷേധ സ്വരങ്ങളെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രമ്പിന്റെ അഭ്യര്‍ത്ഥന നേരത്തെ വൈസ് പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരം അണികള്‍ ആക്രമിച്ചതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് പാര്‍ലമെന്റ് മന്ദിരം ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് സൂചന.

മൂന്നു ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ട്രമ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ നീക്കം ചെയ്തില്ലെങ്കില്‍ വിലക്ക് തുടരുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 24 മണിക്കൂറാണ് ഫേസ്ബുക്ക് വിലക്ക്. തന്റെ അനുകൂലികളെ അഭിസംബോധന ചെയ്യുന്ന ട്രമ്പിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. യൂട്യൂബും ഈ വീഡിയോ നീക്കം ചെയ്തു. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ വേണ്ടി ജനപ്രതിനിധി സഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്. വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അനുയായികളുടെ അക്രമംകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. കസേരയില്‍ മുറുകെ പിടിച്ചിരിക്കുന്ന ട്രമ്പിനെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഇറക്കിവിടാന്‍ ആകുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റിനെ ആ പദവിയില്‍ നിന്ന് മാറ്റാന്‍ രണ്ടു വഴികളുണ്ട്. ഒന്ന് അമേരിക്കന്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാമത്തെ ഭേദഗതി നടപ്പില്‍ വരുത്തുക. രണ്ട് ഇമ്പീച്ച്‌മെന്റിലൂടെ പുറത്താക്കുക.

രണ്ട് ആണെങ്കിലും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് ബൈഡന്‍ അധികാരമേല്‍ക്കുന്നത് വരെ അമേരിക്കന്‍ പ്രസിഡണ്ട് ആകും. അമേരിക്കന്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാമത്തെ ഭേദഗതി നടപ്പില്‍ വരുത്തുക എന്ന് പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ല എന്ന് ബോധ്യമായാല്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും ട്രമ്പ് മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ട്രമ്പ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് പ്രഖ്യാപിക്കണം. എന്നിട്ട് ട്രമ്പിനെ പുറത്താക്കണം. അപ്പോള്‍ പെന്‍സ് അമേരിക്കന്‍ പ്രസിഡന്റ് ആകും. രണ്ടാമത്തെ കാര്യം ഇംപീച്ച്‌മെന്റ് ആണ്. ഇതിന് കുറച്ചു ദിവസം പിടിക്കും എന്നുള്ളതുകൊണ്ട് തന്നെ ആദ്യത്തെ മാര്‍ഗമാണ് ഇപ്പോള്‍ ബൈഡന്‍ ക്യാമ്പ് ആരായുന്നത്. 435 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷം മതി ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങാന്‍. പിന്നീട് നടപടിക്രമങ്ങള്‍ സെനറ്റിന് കൈമാറും. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ പ്രസിഡന്റിനെ വിചാരണ ചെയ്ത് പുറത്താക്കാം.

അതേസമയം, അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിര ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. ”വാഷിംഗ്ടണ്‍ ഡിസിയിലെ അക്രമവും കലാപവും പ്രയാസമുണ്ടാക്കി. അധികാര കൈമാറ്റം ശാന്തമായും സുഗമമായും നടക്കണം. നിയമവിരുദ്ധമായ പ്രക്ഷോഭങ്ങളിലൂടെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കപ്പെടരുത്.” പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു ”അപമാനകരം” എന്നാണ് അമേരിക്കയിലെ സംഭവവികാസങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിലയിരുത്തിയത്. അമേരിക്കന്‍ ജനതയുടെ വികാരം ട്രമ്പും അനുകൂലികളും മാനിക്കണമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹേയ്‌ക്കോ മാസ് ട്വിറ്ററില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: