Lead NewsNEWS

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു.എ.പി.എ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം നേതാവ് പി.ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുടെ യു.എ.പി.എ നിലനില്‍ക്കുമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

നേരത്തെ, ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം മടക്കിയത്.

Signature-ad

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനു കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന് ആരോപിച്ചാണ് സിബിഐ അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയത്. 1999-ല്‍ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാന്‍ മുഖ്യപ്രതിയായ വിക്രമന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍, തെളിവു നശിപ്പിക്കല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസില്‍ 25-ാം പ്രതിയാണ് ജയരാജന്‍. 19 പ്രതികള്‍ക്കെതിരായ കുറ്റപത്രം നേരത്തെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2014 സെപ്റ്റംബര്‍ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം മനോജിനെ വാഹനത്തില്‍നിന്നു വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് കേസ് സിബിഐക്കു വിട്ടത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 19 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം നല്‍കി. പിന്നീട് ഗൂഢാലോചന അന്വേഷിച്ച സംഘം പി ജയരാജനടക്കമുള്ളവരെ പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രവും നല്‍കി. പ്രതികള്‍ക്കെതിരേ യു.എ.പി.എ (തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു.

Back to top button
error: