കേരളത്തിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ജനുവരി പതിനഞ്ചാം തീയതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 9,000 വരെ ആയേക്കാം. മരണനിരക്ക് 0.5ലേക്ക് ഉയർന്നേക്കാം. ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 90,000 വരെ ആയേക്കാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോക്ടർ രാജൻ കൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
അതേസമയം സീറോ സർവ്വേ മൂന്നാംഘട്ടം കേരളത്തിൽ പൂർത്തിയായി. ഐസിഎംആർ നേരത്തെ നടത്തിയ എറണാകുളം,പാലക്കാട്,തൃശൂർ ജില്ലകളിൽ തന്നെയാണ് സർവ്വേ വീണ്ടും നടത്തിയത്.
കോവിഡ് ബാധിതരെ നിർണയിക്കാനുള്ള പരിശോധനകളിൽ ആർ ടി -പി സി ആർ കുറയ്ക്കാനും ആന്റിജൻ കൂട്ടാനുമാണ് ഇപ്പോഴത്തെ തീരുമാനം. ആന്റിജൻ ആണ് കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുന്നത് എന്നാണ് വിലയിരുത്തൽ.