യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ നഗരസഭ പിടിച്ചെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുള്ളില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത പേരില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. അധ്യക്ഷയെ തിരഞ്ഞെടുത്തത് കോഴ വാങ്ങിയാണെന്നാരോപിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തെത്തി. പാര്‍ട്ടിയില്‍ വളരെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ സൗമ്യ രാജെന്ന വ്യക്തിയെ അധ്യക്ഷയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
കൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയ നൂറോളം പ്രവര്‍ത്തകര്‍ പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് മുദ്രാവാക്യം ഉയര്‍ത്തുന്നത്. സൗമ്യ രാജിനെ അധ്യക്ഷ പദവിയിലെത്തിക്കാന്‍ ചില നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമുണ്ട്. ജില്ലയില്‍ വലിയ വിജയം നേടിയെങ്കിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്കൊന്നാകെ നാണക്കേടിന് കാരണമായിരിക്കുകയാണ്. കെ.കെ ജയമ്മയ്ക്ക് സീറ്റ് നല്‍കാഞ്ഞത് പാര്‍ട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കെ.കെ.ജയമ്മയുടേയും സൗമ്യയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യംമുതല്‍ പരിഗണിച്ചിരുന്നു. പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും ജയമ്മയെയാണ് പിന്തുണച്ചതും. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് സൗമ്യയെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി നിയമിച്ചത്. പ്രശ്‌നപരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് കൂട്ടിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.