കുട്ടികളുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ സംസ്ഥാനത്ത് അറസ്റ്റിലായത് 41 പേർ. ഐടി മേഖലയിൽ സാങ്കേതിക പരിജ്ഞാനമുള്ള പ്രൊഫഷണലുകൾ മുതൽ വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ വരെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപുകളിൽ അംഗമാണ്.
എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം 465 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മൊബൈൽഫോണുകൾ,ടാബുകൾ, ആധുനിക ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ,ലാപ്ടോപ്പുകൾ,കമ്പ്യൂട്ടർ തുടങ്ങിയവ പിടിച്ചെടുത്തു. 392 ഉപകരണങ്ങളാണ് മൊത്തം പിടിച്ചെടുത്തത്. 339 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇൻസ്റ്റന്റ് ലവേഴ്സ്, സ്കൂൾ, തേനൂറും ഈന്തപ്പഴം തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ഓരോ ഗ്രൂപ്പുകളിലും നാനൂറിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. 6 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങൾ ആണ് ഈ ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെട്ടത്.
നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് മറയ്ക്കാൻ ആധുനിക ടൂളുകൾ ഇവർ ഉപയോഗിച്ചിരുന്നു. കുട്ടികളെ കടത്തുന്നതുമായി ആയി ബന്ധപ്പെട്ട് ഇവർ ചാറ്റ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.
നഗ്ന വീഡിയോ കണ്ടതിനു ശേഷം നശിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തിനിടയിൽ അവരുടെ ഫോണുകൾ ഫോർമാറ്റ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.
സൈബർ സാങ്കേതിക വിദഗ്ധർ അടങ്ങുന്ന 320 ടീമുകളെ ഉൾപ്പെടുത്തി 27ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും അശ്ലീലദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയാനായി എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആണ് ഓപ്പറേഷൻ പി ഹണ്ട് നടപ്പാക്കിയത്.