അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ കഥ സച്ചി പറഞ്ഞപ്പോൾ തന്നെ സർക്കിൾ ഇൻസ്പെക്ടർ സതീഷിന്റെ കഥാപാത്രം മനസ്സിൽ പതിഞ്ഞിരുന്നു. അത് ചെയ്യാൻ പോകുന്നത് ആരാണെന്ന് കൗതുകം ഉണ്ടായിരുന്നു. അട്ടപ്പാടിയിലെ ലൊക്കേഷനിൽ വച്ചാണ് അനിൽ നെടുമങ്ങാടിനെ ആദ്യമായി കാണുന്നത്.
ആദ്യം പൃഥ്വിയും ഞാനും അവനും തമ്മിലുള്ള പോലീസ് സ്റ്റേഷൻ സീൻ ആയിരുന്നു. അനിൽ ടെൻഷനിലായിരുന്നു. ഒടുവിൽ ഞാൻ സച്ചിയോട് പറഞ്ഞു, അനിലിന് ഒരു ടെൻഷൻ ഉണ്ട്.അവന് ഒരു ചെറിയ സീൻ കൊടുക്ക് ആദ്യം. സച്ചി പറഞ്ഞു ഒന്നടങ്ങ്, അവൻ ഒരു പുതിയ ആളല്ലേ.
ഞാൻ അനിലിനെ വിളിച്ച് സംസാരിച്ചു. അനിലിന്റെ ടെൻഷൻ മാറി. സിനിമയിൽ പലപ്പോഴും കണ്ടിട്ടുള്ള പോലീസ് കഥാപാത്രങ്ങൾക്ക് പുറത്ത് ഒരു സാധാരണ മനുഷ്യൻ തൊപ്പിവെച്ച് മുന്നിൽ നിന്ന് സംസാരിക്കുന്നത് ആണ് പിന്നീട് കണ്ടത്. സെറ്റിൽ പല സന്ദർഭങ്ങളിലും താൻ അനിലെ അഭിനന്ദിച്ചിട്ടുണ്ട്.
പൊതുവേ എല്ലാവരുമായി കമ്പനി കൂടുന്ന ആളാണ് ഞാൻ. എന്നാൽ എന്റെ ക്ഷണങ്ങളിൽ നിന്നെല്ലാം അനിൽ ഒഴിഞ്ഞുമാറി. വലിയ താരങ്ങളോട് കമ്പനി കൂടാൻ അനിൽ ശ്രമിച്ചിരുന്നില്ല. കഥാപാത്രത്തിൽ മാത്രമായിരുന്നു ശ്രദ്ധ.
പലതവണ അനിലിനെ മുറിയിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു. അവൻ വന്നില്ല. ഒടുവിൽ എനിക്ക് നിർബന്ധിക്കേണ്ടി വന്നു. സൗഹൃദങ്ങളെക്കാളും വ്യക്തിബന്ധങ്ങളെക്കാളും വലുതല്ല സിനിമയെന്ന് ഞാൻ അനിലിനോട് പറഞ്ഞു. അന്ന് രാത്രി അനിലും ഷാജുവും ഞാനും എന്റെ മുറിയിൽ കൂടി. കെട്ടിപ്പിടിച്ചു ഉമ്മ തന്നാണ് അനിൽ അന്ന് പോയത്.
അയ്യപ്പനും കോശിയും അനിലിന് ധാരാളം അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. കോവിഡ് കാലം അല്ലായിരുന്നെങ്കിൽ എത്രയെത്ര ചിത്രങ്ങൾ അനിലിനെ തേടിയെത്തുമായിരുന്നു. മലയാള സിനിമയുടെ പ്രതിസന്ധി കാലഘട്ടത്തിൽ പോലും അപ്പോഴും അനിലിനെ തേടി നിരവധി ചിത്രങ്ങൾ വന്നു.
സിനിമയ്ക്ക് നഷ്ടം ആണെന്നൊക്കെ ആലങ്കാരികമായി പറയാം. പക്ഷേ ഏറ്റവും വലിയ നഷ്ടം അയാളുടെത് തന്നെയാണ്. ക്രിസ്മസ് ദിനത്തിൽ മറ്റൊരു സൗഹൃദ സദസ്സിൽ വച്ചാണ് ഞാൻ ഈ വാർത്ത കേട്ടത്. എന്റെ അനുജൻ…എനിക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ ആവുന്നില്ല.