സംസ്ഥാന രാഷ്ട്രീയത്തില്‍ സര്‍ക്കാരും ഗവര്‍ണറും വീണ്ടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയില്ല. നേരത്തെ അനുമതി തേടി കൊണ്ടുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു.
ഇതിന്റെ വിശദീകരണവും ഗവര്‍ണര്‍ തള്ളുകയായിരുന്നു. കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രമേയം പാസാക്കാന്‍ ആയിരുന്നു പ്രത്യേക നിയമസഭ സമ്മേളനം. എന്നാല്‍ ഇതിനുള്ള സാഹചര്യം, പ്രമേയത്തിലെ ഉള്ളടക്കം എന്താണ്, കേന്ദ്രസര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ടോ തുടങ്ങിയ വിശദീകരണങ്ങള്‍ തേടിക്കൊണ്ടാണ് ഗവര്‍ണര്‍ നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി വിളിച്ച് ചേര്‍ക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ കര്‍ഷക സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഈ നിയമത്തിനെതിരെ കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിലാണ്. എന്നാല്‍ അടിയന്തിര പ്രധാന്യമില്ലന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണീ നിയമം. അതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്റെ തിരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്. ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ലെങ്കിലും എം എല്‍ എ മാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് രമേശ് ചെന്നിത്തല പാര്‍ലമെന്ററി കാര്യമന്ത്രി ഏ കെ ബാലനോട് ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിപക്ഷം ഉള്‍പ്പടെ വിയോജിപ്പ് രേഖപ്പെടുത്തുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറന്നു പോയ, ഓര്‍ക്കാന്‍ ശ്രമിക്കാത്ത ചില കഥകളും കൂടിയുണ്ട്. 1991 ല്‍ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ന്യായത്തിന് നിരക്കാത്തത് ചെയ്യാനൊക്കില്ലെന്ന് പ്രഖ്യാപിച്ച അന്നത്തെ തമിഴ്‌നാട് ഗവര്‍ണറായിരുന്ന സുര്‍ജിത് സിങ് ബര്‍ണാല മറുപടി നല്‍കിയത് തന്റെ രാജിയിലൂടെയാണ്.
ഗവര്‍ണറുടെ അഭിമാനം എന്നത് ഭരണഘടനയുടെ അഭിമാനമാണ്. അത് വൃണപ്പെടാന്‍ പാടില്ല എന്ന തരത്തിലാണ് അദ്ദേഹം അന്ന് നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇന്ന് രാജ്ഭവനുകളില്‍ നിന്നും ഇല്ലാതാവുന്നതും ഇതേ നീതിവാക്യമാണ്. പ്രശസ്ത അഭിഭാഷകനായ സോളി സൊറാബ്ജിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഗവര്‍ണറുടെ പ്രതിബന്ധത ഇന്ത്യന്‍ ഭരണഘടനയോടാണ്, കേന്ദ്രസര്‍ക്കാരിന്റെ അടിമയായല്ല ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍: വിജ്ഞാനിയോ അട്ടിമറിക്കാരനോ എന്ന സൊറ്ബ്ജിയുടെ പുസ്തകം ഗവര്‍ണര്‍മാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനോട് എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചുള്ള പഠനമാണ്.
കേരള നിയമസഭയുട അടിയന്തര സമ്മേളനം വിളിക്കണമെന്നുള്ള ആവശ്യം ഗവര്‍ണര്‍ തള്ളിക്കളഞ്ഞതോടെ സൊറാബ്ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഗവര്‍ണര്‍ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഉദാഹരണമായി കേരള ഗവര്‍ണര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ ഒരിക്കലും കേന്ദ്ര സര്‍ക്കാരിന്റെ അടിമയല്ല എന്ന സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളയുന്ന ഗവര്‍ണര്‍ ഒരര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളുടെ നേര്‍ക്കാണ് മുഖംതിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കേണ്ടത് കര്‍ഷകരുടെ നാടായ കേരളത്തിന്റെ കൂടി ആവശ്യമായി വേണം കാണാന്‍. സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കവുമായി മുന്നോട്ട് വരുമ്പോള്‍ അതിനെതിരെ തിരിയുന്നത് കേന്ദ്രത്തോടുള്ള ഗവര്‍ണറുടെ അതിവിനയമോ അമിത ഭക്തിയായോ കാണേണ്ടി വരും
ഈ രാജ്യത്ത പരമോന്നത വ്യവസ്ഥയില്‍ ഗവര്‍ണര്‍ക്ക് കൃത്യമായ അതിര്‍ വരമ്പുകള്‍ കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. നിയമസഭയുടെ മുകളില്‍ കുതിര കയറാനുള്ള അധികാരമൊന്നും ഒരു ഗവര്‍ണര്‍ക്കുമില്ലായെന്ന സത്യം വിസ്മരിച്ചു കൂടാ. 1994 ലെ ബൊമ്മൈ കേസിലെയും, 2015 ലെ അരുണാചല്‍ പ്രദേശ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്്തുകൊണ്ടുള്ള കേസിന്റെയും വിധികള്‍ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകുന്നതാണ്. ഒരു സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം നടത്താനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്ക് നല്‍കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് കഹൊറിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയത്.
ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ചയാവുമ്പോള്‍ മലയാളി മറക്കാനിടിയില്ലാത്ത മറ്റൊരു ഗവര്‍ണറാണ് 1959 ല്‍ ഇഎംഎസ് മന്ത്രിസഭ പിരിച്ചു വിട്ട കോണ്‍ഗ്രസ്സ് അനുഭാവിയായ രാമകൃഷ്ണ റാവു. സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം പാസാവേണ്ട കാര്യമില്ല, ഈ സര്‍ക്കാരിന് ഭൂരിപക്ഷം ജനങ്ങളുടേയും പിന്തുണ നഷ്ടപ്പെട്ടതായി എനിക്ക് ബോധ്യമുണ്ട്. എന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റ് മാത്രമാണ് റാവു എന്ന തെളിയിക്കാന്‍ ഈ മറുപടി മാത്രം മതിയായിരുന്നു. ചരിത്രം ആവര്‍ത്തിക്കപ്പടുകയാണ്. പേരും പാര്‍ട്ടിയും മാത്രമാണ് മാറുന്നത്. വിധേയത്വം അങ്ങനെ തന്നെ തുടരുകയാണ്.