മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമായി…
തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നവകേരളം കൂടുതല്‍ മികവുറ്റതാക്കാനുളള പുതിയ ചുവടുവെയ്പ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ഇന്ന് തുടക്കം. കൊല്ലം, പത്തനംതിട്ട ജില്ലകളിലായാണ് ആദ്യപര്യടനം.
ചൊവ്വാഴ്ച രാവിലെ 10:30ന് കൊല്ലത്ത് പര്യടനം ആരംഭിച്ചു. അതേസമയം, ഈ ജില്ലാ തല സമ്പര്‍ക്ക പരിപാടി എന്‍എസ്എസ് ബഹിഷ്‌കരിച്ചു. എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. മുഖ്യമന്ത്രിക്കൊപ്പം രാവിലെ പ്രാതലിനുളള ക്ഷണമാണ് നിരസിച്ചത്. എന്‍എസ്എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെയാണ് .യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.
കൊല്ലത്ത് ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിലെ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
തുടര്‍ന്ന് പത്തനംതിട്ടയ്ക്ക് പോകുന്ന മുഖ്യമന്ത്രി 4.30ന് അബാന്‍ ടവറില്‍ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച കോട്ടയത്തും വ്യാഴാഴ്ച തലസ്ഥാന ജില്ലയിലുമാണ്. സമാപന ദിവസമായ 30ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പര്യടനം. കോവിഡ് സാഹചര്യത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദര്‍ശിച്ച് നാനാതുറയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തി എല്‍ഡിഎഫിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കും. ഇതിന് പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. ഭാവി കേരളത്തെക്കുറിച്ചുള്ള എല്‍ഡിഎഫ് കാഴ്ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ ജനകീയാംഗീകാരത്തിന് പിന്നാലെ നടക്കുന്ന പര്യടനം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ് കേരളം.