Lead NewsNEWS

രാഹുലും പ്രിയങ്കയും, ആരാകും കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ്?

ഡിസംബർ 19ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോൺഗ്രസിലെ ഒരു കൂട്ടം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നേരിട്ടുള്ള കൂടിക്കാഴ്ച.

പാർട്ടി നേരിടുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങൾ സംബന്ധിച്ച് ആയിരുന്നു അജണ്ട എങ്കിലും പാർട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങൾ തന്നെയായിരുന്നു വിഷയം. സംഘടനാ നേതൃത്വം മാറുന്നത് സംബന്ധിച്ച് 23 നേതാക്കൾ എഴുതിയ കത്ത് ഹൈക്കമാൻഡിന്റെ പരിഗണനയിൽ ഇപ്പോഴും ഇരിക്കവെയാണ് ഈ ചർച്ച.

തുടർ ചർച്ചകളുടെ തുടക്കം എന്നാണ് ഈ ചർച്ചയെ കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ ചർച്ചയോടെ ഒരു കാര്യം ഉറപ്പായി, കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷൻ ഉടൻ ഉണ്ടാകും.

അത് രാഹുൽഗാന്ധി ആകുമോ? അധ്യക്ഷപദവിയിലെ ആശയക്കുഴപ്പം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്കിടയിൽ മുറുമുറുപ്പുണ്ട്. അതിൽ ഒരു വിഭാഗം ചോദിക്കുന്നു രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധിയെ തടയുകയാണോ എന്ന്.

2021 ഫെബ്രുവരിയിൽ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാം എന്നാണ് കോൺഗ്രസിൽ ധാരണ. കഴിഞ്ഞവർഷം രാഹുൽ ഗാന്ധി രാജി വെച്ചതോടെ ആ പോസ്റ്റിൽ താൽക്കാലിക അധ്യക്ഷ ആണുള്ളത്. താൽക്കാലിക അടിസ്ഥാനത്തിൽ ഒരു കൊല്ലം എന്നായിരുന്നു സോണിയാഗാന്ധിയുടെ കാലാവധി. അത് ഈ ഓഗസ്റ്റിൽ പൂർത്തിയായി. എന്നാൽ അധികാരം ഏറ്റെടുക്കാനുള്ള യാതൊരുവിധ സന്നദ്ധതയും രാഹുൽ പ്രകടിപ്പിക്കുന്നതും ഇല്ല.

ഇതു ചൂണ്ടിക്കാട്ടിയാണ് 23 നേതാക്കൾ കോൺഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ചത്. ആ കത്തിൽ ഒരു വരിപോലും ഗാന്ധി നേതൃത്വത്തിനെതിരെ ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥായിയായ, ഉത്തരവാദിത്വമുള്ള നേതാവ് വേണമെന്ന ഒരു ആവശ്യമുണ്ടായിരുന്നു.

കത്തിനു മറുപടിയായി സോണിയാഗാന്ധി ഓഗസ്റ്റ് 24ന് ഒരു ഓൺലൈൻ യോഗം വിളിച്ചിരുന്നു. ആ യോഗത്തിൽ ഗാന്ധികുടുംബത്തിലെ വിശ്വസ്തർ കത്തെഴുതിയവർക്കെതിരെ രംഗത്ത് വന്നു. അമ്മ അസുഖബാധിതയായി ഇരിക്കുമ്പോൾ കത്തെഴുതിയതിനെ രാഹുൽഗാന്ധിയും ചോദ്യം ചെയ്തു. കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ തെരഞ്ഞെടുപ്പ് നടത്താമെന്ന് തീരുമാനം ഉണ്ടായെങ്കിലും മറ്റു കാര്യങ്ങളൊന്നും ഓൺലൈൻ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല.

പിന്നീട് സോണിയ ഗാന്ധി കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. കത്തെഴുതിയ 23 നേതാക്കളിൽ ചിലരെ ചില പാർലമെന്ററി സമിതികളിൽ ഉൾപ്പെടുത്തി.

അതിന് പിന്നാലെ ബിഹാർ തെരഞ്ഞെടുപ്പായി. കത്തെഴുതിയ നേതാക്കൾ തെരഞ്ഞെടുപ്പുകാലത്ത് കാത്തിരുന്നു.തെരഞ്ഞെടുപ്പിൽ ആർജെഡി – കോൺഗ്രസ് സഖ്യത്തിന് വിജയം ഉണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ വിശ്വസ്തർക്കും ശക്തി നേടാമായിരുന്നു. ഝാർഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെത് പോലെ ബിഹാറിലും സർക്കാറുണ്ടാക്കാൻ ആകും എന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ.

പക്ഷേ തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.ബിഹാറിൽ മഹാസഖ്യത്തിന്റെ സർക്കാരിനെ തടഞ്ഞത് കോൺഗ്രസ് ആണെന്ന് ആക്ഷേപം ഉണ്ടായി. സഖ്യകക്ഷികളായ ആർജെഡിയും ഇടതുപാർട്ടികളും താരതമ്യേന മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ കോൺഗ്രസ് തോറ്റമ്പി. ഒപ്പംതന്നെ മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം കാണാനായില്ല. മാർച്ച് മാസത്തിൽ കോൺഗ്രസിനോട് വിടപറഞ്ഞ ജ്യോതിരാദിത്യ സിന്ധ്യ ആകട്ടെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. ഇത് നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 പേർക്ക് ശക്തി നൽകി. ഇതിനിടെയാണ് ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ മരിക്കുന്നത്. കോൺഗ്രസിലെ വിരുദ്ധ ഘടകങ്ങൾക്കിടയിൽ സംഘടനയ്ക്ക് വേണ്ടിയുള്ള ചാലകശക്തിയായിരുന്നു അഹമ്മദ് പട്ടേൽ.

തോൽവിക്കിടയിലും ആഭ്യന്തരപ്രശ്നങ്ങൾ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് സോണിയാഗാന്ധിക്ക് മനസ്സിലായി. കോൺഗ്രസ് തന്നെ ഇല്ലാതാകുമെന്നും സോണിയ ഗാന്ധി സംശയിച്ചു. രാഹുൽ ഗാന്ധി അധ്യക്ഷൻ ആവുകയാണെങ്കിൽ എല്ലാവിധ നേതാക്കളുടെയും പിന്തുണ വേണമെന്ന് സോണിയ ആഗ്രഹിച്ചു. രാഹുൽ ഗാന്ധിയെയോ അദ്ദേഹം ആഗ്രഹിക്കുന്നയാളെയോ പ്രസിഡന്റ് ആക്കാൻ ഇപ്പോഴും യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം ഗാന്ധി കുടുംബത്തിന് എതിരായി നിൽക്കാൻ ഭൂരിഭാഗം കോൺഗ്രസ്‌ നേതാക്കളും ആഗ്രഹിക്കുന്നില്ല.

പക്ഷേ ഇതിനിടയിൽ സോണിയാഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ ഒരു വലിയ ചോദ്യചിഹ്നമായി. എൻസിപി നേതാവ് ശരത് പവാറിന്റെ പേര് യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നു. കോൺഗ്രസും എൻസിപിയും ഇത് നിഷേധിച്ചെങ്കിലും ഘടകകക്ഷികൾക്ക് സോണിയാഗാന്ധിയുടെ പിൻഗാമി രാഹുൽ മാത്രമല്ല എന്ന് തോന്നിത്തുടങ്ങി എന്ന് വ്യക്തമായി. ഈ അഭ്യൂഹം ഇറങ്ങിയതിനു രണ്ടാഴ്ചയ്ക്കുശേഷം ശരത് പവാർ രാഹുൽഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇത് കോൺഗ്രസിനകത്ത് നിന്ന് ശരത് പവാറിന് പിന്തുണയുണ്ടെന്ന ധാരണയ്ക്ക് കാരണമായി.

പ്രശ്നപരിഹാരത്തിനായി സോണിയാഗാന്ധി കണ്ടെത്തിയത് കമൽനാഥിനെയാണ്. പാർട്ടിക്കകത്ത് മാത്രമല്ല ഘടകകക്ഷികളുമായും കമൽനാഥിന് നല്ല ബന്ധമാണുള്ളത്. 23 നേതാക്കളുമായുള്ള പ്രശ്നം തീർക്കാൻ സോണിയാഗാന്ധിയുമായി കമൽനാഥ് രണ്ടുവട്ടം ചർച്ച നടത്തി. ഒടുവിൽ ഡിസംബർ 19ന് നിർണായകമായ നേതാക്കളുടെ യോഗം നടന്നു. സോണിയയും രാഹുലും പ്രിയങ്കയും കൂടാതെ കത്തെഴുതിയ ഗുലാം നബി ആസാദ്, ആനന്ദ് ശർമ,വിവേക് ടാങ്ക, ശശിതരൂർ, മനീഷ് തിവാരി,ഭൂപീന്ദർസിങ് ഹുഡ എന്നിവരും മുതിർന്ന കോൺഗ്രസ് നേതാക്കളായ എ കെ ആന്റണി, അശോക് ഗെലോട്ട്,അംബിക സോണി,കമൽനാഥ്, ചിദംബരം,പവൻകുമാർ ബൻസാൽ,അജയ് മാക്കൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കൗതുകകരമെന്ന് പറയട്ടെ രാഹുൽഗാന്ധിയുടെ ഇടംകൈയും വലംകൈയും ആയ കെ സി വേണുഗോപാലും രൺദീപ് സിങ് സുർജേവാലയും യോഗത്തിൽ ഉണ്ടായിരുന്നില്ല.സംഘടനയിൽ വലിയ പദവി വഹിക്കുന്നവരാണ് ഇരുവരും. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ആളാണ് കെ സി വേണുഗോപാൽ. സുർജേവാല വക്താവായ ജനറൽ സെക്രട്ടറിയാണ്. രണ്ടുപേരും പ്രവർത്തക സമിതി അംഗങ്ങൾ ആണ് താനും.

ആ യോഗത്തിൽ പങ്കെടുക്കാത്ത മറ്റൊരാൾ രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തൻ രാജീവ്‌ സതവ് ആയിരുന്നു. കഴിഞ്ഞ യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധിക്കുവേണ്ടി സംസാരിച്ചത് രാജീവ്‌ സതവ് ആയിരുന്നു.

ആ യോഗത്തിൽ വലിയ തീരുമാനങ്ങൾ ഒന്നും ഉണ്ടായില്ല. തെറ്റിദ്ധാരണ തിരുത്തുക എന്നതായിരുന്നു പ്രധാന അജണ്ട എന്നു തോന്നുന്നു. തനിക്ക് പഴയ തലമുറയും ആയി യാതൊരുവിധ പ്രശ്നവുമില്ലെന്ന് രാഹുൽഗാന്ധി വ്യക്തമാക്കി. എല്ലാവരും തന്റെ അച്ഛൻ രാജീവ് ഗാന്ധിയുടെ സുഹൃത്തുക്കളായിരുന്നു എന്ന് തനിക്കറിയാമെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു.

കത്തെഴുതിയ തങ്ങൾ നേതൃത്വത്തെ എതിർക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. പക്ഷേ സംഘടനാ തിരഞ്ഞെടുപ്പ് വേണം. പാർട്ടി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും സോണിയാഗാന്ധി യോഗത്തിൽ പറഞ്ഞു. ഗെഹലോട്ട്, ആന്റണി, അജയ് മാക്കൻ തുടങ്ങിയവരെ പോലെയുള്ള ഗാന്ധികുടുംബ വിശ്വസ്തർ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധി കൃത്യമായ ഉറപ്പു നൽകിയില്ല. ഒരു വ്യക്തിയല്ല കോൺഗ്രസിന് വിജയം ഒരുകൂട്ടം ആളുകളുടെ കൂട്ടായ്മയിലാണ് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഞാൻ നിങ്ങൾ ഒരാളെ പോലെ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുന്നത് പോലെ തന്നെയാണ് ഞാനും അത് ചെയ്യുന്നത്.

കോൺഗ്രസ് പ്രസിഡണ്ട് ആവാൻ രാഹുൽ ഗാന്ധി ഇനിയും തയ്യാറാകാതെ ഇരിക്കുന്ന പശ്ചാത്തലത്തിൽ ഒരു പഴയ ആവശ്യം വീണ്ടും ഉയർന്നു വരികയാണ്. എന്തുകൊണ്ട് പ്രിയങ്കാ ഗാന്ധിക്ക് പാർട്ടി അധ്യക്ഷയായി കൂടാ. ഈ ചോദ്യം ഉന്നയിക്കുന്നവർ കൂടിവരികയാണ്. മറ്റൊരാളെ വച്ച് രാഹുൽ പാർട്ടി ചലിപ്പിക്കുക എന്നുള്ളത് നല്ല കാര്യമല്ല. അങ്ങനെയെങ്കിൽ കോൺഗ്രസ് അധ്യക്ഷയായി പ്രിയങ്കഗാന്ധി അവരോധിക്കാൻ രാഹുൽഗാന്ധി പിന്തുണയ്ക്കണം. 3 ഗാന്ധി നേതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ നേതാക്കൾക്ക് ആശയ വിനിമയം നടത്താൻ കഴിയുന്നത് പ്രിയങ്കഗാന്ധി ആണ്. ആഭ്യന്തര പ്രശ്നങ്ങളിൽ സമാധാനത്തിനായി അവർ അവതരിക്കാറുണ്ട്. അത്തരത്തിലൊന്നാണ് സച്ചിൻ പൈലറ്റ് ഗെഹലോട്ട് പ്രശ്നത്തിൽ രാജസ്ഥാനിൽ ഉണ്ടായത്.

പ്രിയങ്കാ കോൺഗ്രസ് അധ്യക്ഷ ആകുന്നില്ലേ ഏറ്റവും പ്രധാന തടസ്സം രാഹുൽ ഗാന്ധി തന്നെയാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചപ്പോൾ മുന്നോട്ടുവെച്ച ഒരേയൊരു ആവശ്യം ഗാന്ധി കുടുംബത്തിൽ നിന്ന് അങ്ങനെ ഒരാൾ ഉണ്ടാകരുത് എന്നായിരുന്നു. “ഒരു തിരിച്ചുവരവ് രാഹുൽഗാന്ധി ആഗ്രഹിക്കുന്നുണ്ട്. അത്തരത്തിലൊരു നിർബന്ധമാണ് കത്തെഴുതിയവരും ചെലുത്തുന്നത്. പക്ഷേ ഈ സമയത്ത് ഉത്തരവാദിത്വം ഏറ്റെടുക്കാൻ രാഹുൽ തയ്യാറല്ല. ഇതുതന്നെയാണ് വലിയ പ്രശ്നം.” ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

എന്നാൽ രാഹുൽ ഗാന്ധിയുടെ വിശ്വസ്തർ പറയുന്നത് മറ്റൊന്നാണ്. കത്തെഴുതിയവർ പോലും ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം ആണ്. രാഹുൽഗാന്ധിയ്ക്ക് പകരം ഒരാളെ ഇപ്പോൾ സങ്കൽപ്പിക്കാനാവില്ല. എന്തായാലും ഒന്നുറപ്പാണ്. കോൺഗ്രസിനെ മുഖ്യധാരയിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ഒരു ചെറിയ പടവ് ആണ് ഡിസംബർ 19 യോഗം.

Back to top button
error: