കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി സംസ്ഥാനമന്ത്രിസഭയിലേക്കോ? തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മിന്നും പ്രകടനം അത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത് എന്നാണ് സൂചന. ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനോട് സിപിഎമ്മിന് യോജിപ്പാണ് ഉള്ളതെന്നാണ് വിവരം. കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിൽ എത്തിക്കാൻ മുൻകൈയെടുത്തത് സിപിഎമ്മാണ്.
നിലവിൽ രാജ്യസഭ എം പി ആണ് ജോസ് കെ മാണി. സംസ്ഥാന മന്ത്രിസഭയിൽ ഇപ്പോൾ ചേരുന്നതിനോട് ജോസ് കെ മാണിക്ക് യോജിപ്പ് ഇല്ലെന്നാണ് വിവരം. എന്നാൽ കേരള കോൺഗ്രസ് എമ്മിലെ ഒരു വിഭാഗം ജോസ് കെ മാണി ഇപ്പോൾ മന്ത്രിയാകുന്നതിനോട് യോജിക്കുന്നു.
നിയമസഭയുടെ കാലാവധി തീരാൻ ആറു മാസം കൂടിയേ ഉള്ളൂ. മന്ത്രിയാകാൻ ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പിനെ നേരിടേണ്ട ആവശ്യം വരുന്നില്ല. ജോസ് കെ മാണി മന്ത്രിയാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരുവിഭാഗം നേതാക്കൾ കരുതുന്നത്. പി ജെ ജോസഫിന് ഒപ്പം പോയ അണികളും നേതാക്കളും കേരള കോൺഗ്രസ് എമ്മിലേക്ക് ഒഴുകും എന്നാണ് ഇവർ കരുതുന്നത്.
ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജി വച്ചേക്കും. വരുന്ന തെരഞ്ഞെടുപ്പിൽ എംപി സ്ഥാനം കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകിയേക്കും എന്നാണ് വിവരം. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോക്ടർ എൻ ജയരാജിന് എംപി സ്ഥാനം നൽകിയേക്കും എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആണ് ഇത്തരമൊരു കാര്യം ഉയർന്നുവന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നൽകിയേക്കും എന്നാണ് പുതിയ റിപ്പോർട്ട്.