ഇലക്ഷന്റെ ചൂടും ചൂരും സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആയിരുന്നുവെങ്കില്‍ ഇലക്ഷന്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മത്സരിച്ചത് ചാനലുകളായിരുന്നു. ഇലക്ഷന്‍ വാര്‍ത്തകള്‍ തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ ചാനലുകള്‍ ശ്രമിച്ചപ്പോള്‍ ആ ഉദ്യമത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലെത്തിയത് 24 ന്യൂസാണ്.
കാര്യവും ഒരല്‍പ്പം കളിയും സമം ചേര്‍ത്ത് ശ്രീകണ്ഡന്‍ നായരും അരുണും വിജയനും 24 ചാനലില്‍ നിറഞ്ഞപ്പോള്‍ ഇടവേളകളില്‍പ്പോലും ജനങ്ങള്‍ റിമോര്‍ട്ടില്‍ കൈവെച്ചില്ലെന്നത് മറ്റൊരു സത്യം. സാധാരണ കണ്ട് വരുന്ന വടിവൊത്ത അവതരണമോ, ഗൗരവമേറിയ ചര്‍ച്ചകളോ ആയിരുന്നില്ല 24 ന്യൂസ് ഈ തവണ പ്രയോഗിച്ചത്. പകരം പുറത്ത് വന്ന ഫലങ്ങള്‍ നാട്ട് കവലയിലിരുന്ന് സുഹൃത്തുക്കള്‍ ചര്‍ച്ച ചെയ്യുന്ന പോലെ പ്രേക്ഷകരോട് സംവദിച്ചു. ഇലക്ഷന്‍ ഫലം കാത്ത് ടീവിയുടെ മുന്‍പിലിരുന്നവര്‍ക്ക് ലഭിച്ചതോ പുതിയ ഒരു ദൃശ്യാനുഭവവും.
ഓണ്‍ലൈന്‍ കാഴ്ച്ചക്കാരിലും റെക്കോര്‍ഡ് വ്യൂസ് സൃഷ്ടിക്കാന്‍ 24 ന്യൂസിന് സാധിച്ചു. 24 ന്യൂസിന്റെ അവതരണം തുടങ്ങി ഒന്നാം മണിക്കൂറില്‍ കേരളത്തിലെ ട്രോളന്മാര്‍ സംഭവം ഏറ്റെടുത്തതും കൂടുതല്‍ കാഴ്ചക്കാര്‍ ഓണ്‍ലൈന്‍ ചാനലിലേക്ക് എത്താന്‍ അതും ഒരു കാരണമായി. ലൈവിലുടനീളം ശ്രീകണ്ഢന്‍ നായരും സഹപ്രവര്‍ത്തകരും ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള കൗണ്ടറുകളും ഒരുക്കി നല്‍കിയിരുന്നു.
1,78,000 കാഴ്ചക്കാരാണ് 24 ന്യൂസിന്റെ ഇലക്ഷന്‍ ലൈവ് പ്രോഗ്രാം ഓണ്‍ലൈനില്‍ കണ്ടത്. 24 ന്യൂസ് കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സമ്പാദിച്ചത് ഏഷ്യാനെറ്റാണ്. 68000 കാഴ്ചക്കാര്‍ ഏഷ്യാനെറ്റിനുണ്ടായിരുന്നു. തൊട്ട് പിന്നില്‍ 56,000 കാഴ്ചക്കാരുമായി മനോരമ ന്യൂസും അതിന് പിന്നില്‍ 32,000 കാഴ്ചക്കാരുമായി മീഡിയ വണ്ണും സ്ഥാനം പിടിക്കുന്നു. ഈ മത്സരത്തില്‍ മാതൃഭൂമിക്ക് 8,800 ഉം ജനം ടീവിക്ക് 7,300 കാഴ്ചക്കാരെ സമ്പാദിക്കാനേ കഴിഞ്ഞുള്ളു.