NEWSTOP 10

എൽ ഡി എഫ് വിജയം സംസ്ഥാന ഭരണത്തിനുള്ള അംഗീകാരമെന്ന് സി പി ഐ എം

ദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ചരിത്ര വിജയം മുന്നണിയുടെ തത്ത്വാധിഷ്ഠിത രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ മാധ്യമങ്ങളേയും ഉപയോഗിച്ച് നടത്തിയ അപവാദ പ്രചാരവേലകള്‍ക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കിയതിന് ജനങ്ങളെ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ജനതയെ ഒപ്പം ചേര്‍ത്ത് നാട്ടില്‍ സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ പിണറായി സര്‍ക്കാരിനുളള ആഴത്തിലുളള വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു വശത്ത് ബിജെപിയുമായി രഹസ്യധാരണയും മറുവശത്ത് വെല്‍ഫയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുമുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ബിജെപിക്ക് വേണ്ടി വോട്ട് മറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍, ഇതൊന്നു കൊണ്ടും എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തെ തടയാന്‍ കഴിഞ്ഞിട്ടില്ല. ഹിന്ദു രാഷ്ട്രത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും വേണ്ടി നിലകൊളളുന്നവരെ ഒന്നിപ്പിക്കുന്ന പാലമായി മാറിയ കോണ്‍ഗ്രസ് കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിനാണ് ശ്രമിച്ചത്. എന്നാല്‍ എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടിനൊപ്പമാണ് കേരള ജനത നിലയുറപ്പിച്ചത്.

ഏതറ്റം വരെയും പോകാന്‍ മടികാണിക്കാത്ത അപവാദ പ്രചാരവേല നടത്താനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ അവര്‍ വിളിച്ച് പറയുന്ന നുണകള്‍ വിശ്വസിക്കുന്നവരല്ല മലയാളികള്‍ എന്ന് ഈ തിരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി തെളിയിച്ചു. സ്വയം അപഹാസ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ ഇതെല്ലാം തിരിച്ചറിഞ്ഞ് തിരുത്തിയാല്‍ മാധ്യമ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന് സഹായകരമായിരിക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിച്ചത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും അതിന്റെ ഭാഗമായി. ഈ കേരള വിരുദ്ധ മുന്നണിയെ ജനങ്ങള്‍ തളളിക്കളഞ്ഞു.

ഈ വന്‍വിജയത്തിലും അപൂര്‍വ്വം ചിലയിടങ്ങളില്‍ പ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതെ പോയത് പാര്‍ട്ടിയും മുന്നണിയും വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ജനങ്ങള്‍ നല്‍കിയ അംഗീകാരം , വികസനപ്രവര്‍ത്തനങ്ങള്‍ അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ ഊര്‍ജം പകരുന്നതാണ്. ഈ ഉജ്ജ്വല വിജയം നല്‍കിയ ജനങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button