മക്കള്‍ സേവൈ കക്ഷിയുമായി രജനീകാന്ത്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടി കടന്നു വരുമ്പോള്‍ എന്ത് മാറ്റമാണ് സംസ്ഥാനത്തിനുണ്ടാവാന് പോവുന്നതെന്നറിയാന്‍ ആരാധകരും ജനങ്ങളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
താരത്തിന്റെ ജന്മദിന ദിവസം രജനീകാന്ത് മത്സരിക്കുന്നത് തിരുവണ്ണമലയില്‍ നിന്നായിരിക്കുമെന്ന് സഹോദരന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡിസംബര്‍ 31 പാര്‍ട്ടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നാണ് താരം ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി പാര്‍ട്ടിയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത രജനീകാന്തിന്റെ പാര്‍ട്ടിയുട പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്നാണ്.
മക്കള്‍ ശക്തി കഴകം എന്ന പേര് മാറ്റി പുതിയ പേര് രജിസ്റ്റര്‍ ചെയ്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഓട്ടോറിക്ഷയായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയാവും താനും പാര്‍ട്ടിയുമെന്ന് പുതിയ പേരിലൂടെയും പാര്‍ട്ടി ചിഹ്നത്തിലൂടെയും താരം പ്രഖ്യാപിക്കുകയാണ്