NEWSTRENDING

അതിഥി താരങ്ങൾക്ക് മടികാണിക്കാത്ത മലയാളം സിനിമ, മമ്മൂട്ടി മുതൽ പാർവതി വരെ

തിഥി താരങ്ങൾക്ക് എപ്പോഴും കൈ കൊടുത്തിട്ടേ ഉള്ളു മലയാള സിനിമ. ചില ഘട്ടങ്ങളിൽ സിനിമയെ ആകെ മാറ്റിമറിക്കും അതിഥി താരങ്ങളുടെ കടന്നുവരവ്.മലയാളത്തിലെ വിജയം കൈവരിച്ച ചില അതിഥി താര സിനിമകൾ.


“സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന സിനിമയിലെ തിലകന്റെ വേഷം അതിലൊന്നാണ്. തിലകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ഈ ചിത്രത്തിലേത്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ചിത്രം. വാടകക്കാരെ ഒഴിപ്പിക്കാൻ പാടുപെടുന്ന വീട്ടുടമസ്ഥൻ ആയി മോഹൻലാൽ.പണിക്കർ വീട്ടിൽ നിന്ന് ഇറക്കി വിടാൻ നോക്കുമ്പോൾ വീട്ടിലുണ്ടായിരുന്നവർക്ക് ബോംബെ അധോലോകത്തിൽ നിന്നുള്ള അമ്മാവനെ വിളിക്കുകയെ നിവർത്തി ഉണ്ടായിരുന്നുള്ളൂ.


“സമ്മർ ഇൻ ബത്ലഹേം”-ലെ മോഹൻലാൽ. ആ സിനിമയുടെ അതുവരെയുള്ള ട്രാക്കിനെ മൊത്തം മാറ്റിമറിച്ച വേഷം. സിബി മലയിൽ ചിത്രത്തിലെ നിരഞ്ജൻ എന്ന കഥാപാത്രം മോഹൻലാലിൽ ഭദ്രം. മോഹൻലാലും മഞ്ജുവും സുരേഷ് ഗോപിയും ഒന്നിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സ് ഏവരുടെയും കണ്ണ് നനയിപ്പിക്കുന്നു.

“നരസിംഹ”ത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം കിടുക്കൻ ആണ്. അഡ്വക്കറ്റ് നന്ദഗോപാൽ മാരാർ ആയി വേറൊരാളെ ചിന്തിക്കാനേ വയ്യ. ക്ലാസ്മേറ്റ് ആയ ഇന്ദുചൂഡൻ സഹായത്തിനായി വിളിക്കുമ്പോൾ മാരാർ ഡൽഹിയിൽനിന്ന് പറന്നിറങ്ങുന്നതിന്റെ ഗാംഭീര്യം പറയാതെ വയ്യ.ഷാജി കൈലാസ് -രഞ്ജിത്ത് സൂപ്പർ ഹിറ്റ്.

“സന്ദേശ”ത്തിലെ ഇന്നസെന്റിന്റെ കഥാപാത്രം ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യും. സത്യൻ അന്തിക്കാട് ചിത്രത്തിലെ യഷ്വന്ത്‌ സഹായി ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്ക് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ ജനതയോടുള്ള മനോഭാവം വ്യക്തമാക്കുന്നു. 15 മിനിറ്റിൽ താഴെ മാത്രമേ കഥാപാത്രം സ്ക്രീനിൽ ഉള്ളുവെങ്കിലും ആ സിനിമയിലെ ഇന്നും ഓർക്കുന്ന പ്രധാന കഥാപാത്രമായി ഇന്നസെന്റിന്റെ കഥാപാത്രം മാറുന്നു.

“ആക്ഷൻ ഹീറോ ബിജു “വിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം നമ്മുടെ കണ്ണു നനയിക്കുന്നു. കോമഡി മാത്രമല്ല ഭാവാഭിനയവും തനിക്ക് വഴങ്ങുമെന്ന് സുരാജ് നിരവധിതവണ തെളിയിച്ചിട്ടുള്ളതാണ്. 2015ലെ “പേരറിയാത്തവർ “എന്ന ചിത്രത്തിലെ ദേശീയ പുരസ്കാരത്തിന് ശേഷം എബ്രിഡ് ഷൈൻ ചിത്രത്തിലെ പവിത്രൻ എന്ന കഥാപാത്രം സുരാജിന്റെ അഭിനയമികവ് തെളിയിക്കുന്നു. കുട്ടിക്കുവേണ്ടി ഭാര്യയുമായി തർക്കിക്കുന്ന, ഒടുവിൽ തകർന്നു പോകുന്ന കഥാപാത്രം. ഈ സീൻ അഭിനയിച്ചു തീർത്തപ്പോൾ സെറ്റിലുണ്ടായിരുന്ന എല്ലാവരും കൈയ്യടിച്ചു എന്ന് ഒരു അഭിമുഖത്തിൽ സുരാജ് പറയുന്നുണ്ട്.

” ദ കിങ്ങി”ലെ സുരേഷ് ഗോപിയുടെ വേഷം മാസ് ആണ്, 1994ലെ “കമ്മീഷണർ” എന്ന ചിത്രത്തിലെ ഭരത്ചന്ദ്രൻ ഐപിഎസ് സുരേഷ് ഗോപിക്ക് ഏറെ കൈയടി നേടി കൊടുത്ത ഒന്നാണ്. ഇതിനുപിന്നാലെയാണ് ഷാജികൈലാസ് മമ്മൂട്ടിയെ ജോസഫ് അലക്സ് ഐ എ എസ് വേഷത്തിൽ” ദ കിങ്ങി”ലൂടെ അവതരിപ്പിച്ചത്. സിനിമയുടെ അവസാനഭാഗത്ത് ക്രിമിനലുകളെ ചോദ്യംചെയ്യാൻ ബോംബെയിൽ നിന്നെത്തിയ അന്വേഷണ വിദഗ്ധൻ ആണ് സുരേഷ് ഗോപിയുടെ കഥാപാത്രം.വൈറ്റ് ആൻഡ് വൈറ്റും ബ്ലാക്ക് കൂളിംഗ് ഗ്ലാസും.

“പ്രേമം “എന്ന ചിത്രത്തിൽ കോളേജ് പ്രിൻസിപ്പാളിനെ വിരട്ടുന്ന രഞ്ജി പണിക്കരുടെ കഥാപാത്രം ആ സിനിമയുടെ ഫീലിന് ഒപ്പം നിൽക്കുന്നു.കുടിയനും കച്ചറയുമായ കോളേജ് വിദ്യാർഥിയായ മകനൊപ്പം ഉറച്ചുനിൽക്കുന്ന അച്ഛൻ തിയേറ്ററിൽ ചിരി പടർത്തുന്നു. രഞ്ജി പണിക്കർ എഴുതിയ “കമ്മീഷണർ” എന്ന സിനിമയിലെ ബാഗ്രൗണ്ട് സ്കോർ ആണ് അൽഫോൺസ് പുത്രൻ ഈ രംഗത്ത് ഉപയോഗിച്ചിരിക്കുന്നത്.

“ചാർലി”യിലെ കൽപ്പനയുടെ കഥാപാത്രം ഹൃദയം മുറിവേൽപ്പിക്കും. ഒരു ചെറിയ ഫ്ലാഷ് ബാക്ക് സീക്വൻസിൽ ആണ് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ദേശീയ അവാർഡ് ജേത്രിയായ കല്പനയെ ഉപയോഗിച്ചിരിക്കുന്നത്. കൽപ്പനയുടെ സിനിമ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം. എച്ച്ഐവി പോസിറ്റീവ് ആയ സെക്സ് വർക്കർ ക്യൂൻ മേരി.

“പൊന്മുട്ടയിടുന്ന താറാവ് “എന്ന ചിത്രത്തിലെ പാർവ്വതിയുടെ റോൾ ആ സിനിമയുടെ ട്വിസ്റ്റാണ്. ഹാജിയാരുടെ ഭാര്യ യെ കുറിച്ച് നാട്ടുകാർക്ക് കേട്ടിട്ടേയുള്ളൂ. എന്നാൽ പരിഭ്രാന്തിയോടെ ഹാജിയാരുടെ ഭാര്യ കതക് തുറക്കുമ്പോൾ അന്തം വീടുന്നത് ഒരു ഗ്രാമം മുഴുവൻ ആണ്.

Back to top button
error: