NEWS

പിഡബ്ലുഡിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്

പിഡബ്ലുഡിയില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. ധനകാര്യ പരിശോധനാ വിഭാഗത്തിന്റേതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും ധനകാര്യ പരിശോധനാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അട്ടിമറിക്കാനും നീക്കങ്ങള്‍ നടക്കുന്നതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്കുരീപ്പുഴ, നീരാവില്‍ റോഡുകളുടെ പേരില്‍ അഴിമതി നടത്തിയതിലൂടെ സര്‍ക്കാരിനു 21.44 ലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചതായാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

മുദ്രപത്രങ്ങളിലെ തീയതി തിരുത്തിയും വ്യാജരേഖകള്‍ സൃഷ്ടിച്ചുമാണ് റോഡ് നിര്‍മാണ കരാറുകള്‍ നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരാർ വ്യാജമായി സൃഷ്ടിച്ച് ചെയ്യാത്ത പ്രവൃത്തിക്ക് അനർഹമായി കരാറുകാരനു തുക നൽകി. ബില്ല് സെക്‌ഷനിൽ ലഭിക്കുമ്പോൾ കരാർ ഉണ്ടാക്കിയിരുന്നില്ല. കരാറിനു മുൻകൈ എടുത്ത എൻജിനീയർ സ്ഥലം മാറി പോയശേഷം പഴയ ഓഫിസിലെത്തി വ്യാജ കരാർ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ ഇത്തരം നടപടികള്‍ നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ എക്സി. എൻജിനീയർ ജി. ഉണ്ണികൃഷ്ണൻ, എക്സി.എൻജിനീയർ ഡി. സാജൻ, എ.ഇ.ഇ. വി.ആർ. ശോഭ, പ്രജിത ചന്ദ്രൻ, സുനിത്ര എസ്. എന്നിവരെ വ്യാജരേഖ സൃഷ്ടിക്കൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് സർവീസിൽനിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Back to top button
error: