സ്വപ്നയ്ക്ക് സുരക്ഷാഭീഷണി; അന്വേഷിക്കാന്‍ ജയില്‍ ഡി ജി പിയുടെ നിര്‍ദേശം

തിരുവനന്തപുരം: ജയിലില്‍ വധഭീഷണിയുണ്ടായെന്ന സ്വപ്‌നയുടെ പരാതി അന്വേഷിക്കാന്‍ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം. ദക്ഷിണമേഖല ജയില്‍ ഡി ഐ ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്‌നയെ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്.

മാധ്യമങ്ങളില്‍ ചില റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നും ഋഷിരാജ് സിംഗ് മാധ്യമങ്ങളോട്‌ പറഞ്ഞു. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എത്രയും വേഗം സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്വപ്‌നയുടെ ഓഡിയോ പുറത്തായ സംഭവത്തിലും അന്വേഷണം നടത്തിയത് ദക്ഷിണ മേഖല ജയില്‍ ഡി ഐ ജി ആയിരുന്നു.

ജയില്‍ വകുപ്പ് സന്ദര്‍ശക രജിസ്‌റ്ററും ഫോണ്‍ വിളികളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും ചില ബന്ധുക്കളും മാത്രമാണ് സ്വപ്‌നയെ കണ്ടിട്ടുളളത്. കൂടുതലും അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടത്. ഇവര്‍ ആരൊക്കെയാണെന്ന് എന്‍ ഐ എയെ അറിയിച്ചിട്ടുണ്ടെന്നാണ് ജയില്‍ വകുപ്പ് വിശദീകരിക്കുന്നത്.

അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന തന്നെ നവംബര്‍ 25ന് മുമ്പാണ്‌ ചിലര്‍ ഭീഷണിപ്പെടുത്തിയതെന്നും, കണ്ടാലറിയാവുന്ന അവര്‍ പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരെന്നാണ് അവകാശപ്പെട്ടതെന്നുമായിരുന്നു സ്വപ്‌ന പറയുന്നത്. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും, അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്നും അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ പരാതി.

സ്വപ്നയുടേത് എന്ന് പറയുന്ന ശബ്ദരേഖയെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. ശബ്ദം സ്വപ്നയുടേതാണോ, റെക്കോർഡ് ചെയ്ത് ജയിലിൽ വെച്ചാണോ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയില്ല.

Leave a Reply

Your email address will not be published. Required fields are marked *