NEWS

ദൈവികതയിൽ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യം : ഗവര്‍ണര്‍

ദൈവികതയിൽ ഊന്നിയ ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ജനാധിപത്യത്തെ ദൈവികമായി കണ്ടതുകൊണ്ടാണ് ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ‘ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സിന്‍റെ ഫെയ്സ്ബുക്ക് പേജിലെ പ്രതിവാര പരിപാടിയായ പടവുകളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം ഇന്ത്യയില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. ജനാധിപത്യത്തിനുനേരെയുളള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകരായി ഇരിക്കുകയാണ് ജനാധിപത്യം മുറുകെ പിടിക്കുന്നതിന് പൗരനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.

രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ട വലിയ ഉത്തരവാദിത്തം ജനാധിപത്യത്തില്‍ ജീവിക്കുന്ന ഓരോ പൗരനുമുണ്ട്. എസ് പി സി യില്‍ അംഗമായ ഓരോ കുട്ടിയും ഏറ്റവും പ്രധാനപ്പെട്ട പ്രായത്തിലൂടെയാണ് കടന്നുപോകുന്നത്. അവരോരുത്തരും രാജ്യത്തിനുവേണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവരാണ്. മറ്റുളളവര്‍ക്കു വേണ്ടി കാത്തുനില്‍ക്കാതെ അവനവന്‍റെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുക എന്ന മൂല്യമാണ് ജനാധിപത്യത്തില്‍ കാത്തുസൂക്ഷിക്കേണ്ടതെന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

സേവനസന്നദ്ധരും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായ എസ്.പി.സിയിലെ കുട്ടികളില്‍ വലിയ പ്രതീക്ഷയുണ്ടെന്നും ഈ കുട്ടികള്‍ രാജ്യത്തെ ഔന്നിത്യത്തിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

കേരള പോലീസിന്‍റെ അഭിമാനപദ്ധതിയായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സിന്‍റെ ഭാഗാമാകാന്‍ കഴിഞ്ഞത് വളരെ പ്രധാനപ്പെട്ടകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന്‍റെ ഈ കാലഘട്ടത്തില്‍ എസ് പി സി കേഡറ്റുകള്‍ ചെയ്യുന്ന അഭൂതപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെയും സാമൂഹികനന്‍മകളെയും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളെയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ഉത്തരവാദിത്തമുളള പൗരന്‍മാരായി ഓരോ കുട്ടിയും വളരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന് എസ് പി സിയും കേരളാ പോലീസും വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഉത്തരവാദിത്തബോധവും നീതിബോധവുമുളള പുതുതലമുറയെ വാര്‍ത്തെടുക്കുന്ന എസ്.പി.സി പദ്ധതി ആഗോളതലത്തിലേയ്ക്ക് വ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മഹത് വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും മനസിലാക്കുന്നതിനുമായാണ് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ആയി എല്ലാ തിങ്കളാഴ്ചയും പടവുകള്‍ എന്ന പരിപാടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ തുറകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ തങ്ങളുടെ ജീവിതപാതയിലെ വഴിത്തിരിവുകളും കാല്‍വയ്പ്പുകളും കുട്ടികള്‍ക്കായി പങ്കുവയ്ക്കുന്ന പരിപാടിയുടെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിലാണ് കേരള ഗവര്‍ണര്‍ കുട്ടികളുമായി സംവദിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി. വിജയൻ എന്നിവരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി മൂന്ന് ലക്ഷത്തിലധികം പേരാണ് ലോകമെമ്പാടും തത്സമയം ഓണ്‍ലൈനായി വീക്ഷിച്ചത്.

https://fb.watch/2eZQAh2tNQ/

Back to top button
error: