തദ്ദേശ തെരഞ്ഞെടുപ്പ്:കൊട്ടിക്കലാശം നിർബന്ധമായും ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തോടനുബന്ധിച്ച് നടത്താറുള്ള കൊട്ടിക്കലാശം നിർബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ.
ഡിസംബർ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം ആറിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദ്ദേശം.
പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കും വാഹന റാലിക്കും പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവു. ഇക്കാര്യം ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും കമ്മീഷണർ അറിയിച്ചു.