NEWS

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകിട്ടിയതായി ഇഡി

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ വിജയ് മല്യയുടെ സ്വത്തുക്കള്‍ ഫ്രാന്‍സില്‍ നിന്ന് പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.6മില്യണ്‍ യൂറോ അഥവാ 14.35 കോടി മൂല്യമുള്ള ആസ്തികള്‍ പിടിച്ചെടുത്തു. ഫോഷ് അവന്യു 32ലെ സ്വത്തുക്കളാണ് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ പിടിച്ചെടുത്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടി. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള വന്‍ പണമിടപാടുകള്‍ നടന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി ഇഡി പറഞ്ഞു.

Signature-ad

2016 ജനുവരിയില്‍ അന്വേഷണം ആരംഭിച്ചതിനുശേഷം ഇതുവരെ 11,231.70 കോടി മൂല്യമുള്ള മല്യയുടെ ആസ്തികളാണ് ഇ.ഡി പിടിച്ചെടുത്തത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9000 കോടിയിലധികം രൂപ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ആരോപണവിധേയനായ മല്യയെ ഇന്ത്യയിലെത്തിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ ആറാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നവംബര്‍ രണ്ടിന് യു.യു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.കേസില്‍നിന്ന് ഒഴിവാക്കണമെന്ന് മല്യയുടെ അഭിഭാഷകന്‍ ഇ.സി അഗര്‍വാല ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരസിച്ചു. യുകെയില്‍ നടക്കുന്ന ഒരു ജുഡീഷ്യല്‍ കേസില്‍ തീരുമാനമാകാതെ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കാനാകില്ലെന്നാണ് കേന്ദ്രം ഈയടുത്ത് കോടതിയില്‍ അറിയിച്ചത്.

Back to top button
error: