LIFETRENDING

ആരായിരുന്നു സിൽക്ക് സ്മിത ?അറുപതാം പിറന്നാളിൽ ഒരന്വേഷണം

വിജയലക്ഷ്മി വടലപട്ല എന്ന വെള്ളിത്തിരയിലെ സിൽക്ക് സ്മിത 1980 കളിൽ അഭ്രപാളിയിലെ സെക്സ് ബോംബ് ആയിരുന്നു .എന്നാൽ 36 ആം വയസിൽ സിൽക്ക് സ്മിത ഈ ലോകത്തോട് വിട പറയാൻ തീരുമാനമെടുത്തു .2020 ഡിസംബർ 2 സിൽക്ക് സ്മിതയുടെ അറുപതാം ജന്മദിനമാണ് .ആരായിരുന്നു സിൽക്ക് സ്മിത ?

ആന്ധ്രപ്രദേശിലെ ഒരു ദരിദ്രകുടുംബത്തിലാണ് വിജയലക്ഷ്മിയുടെ ജനനം .ദാരിദ്ര്യം കാരണം എട്ടാം വയസിൽ വിജയലക്ഷ്മിയ്ക്ക് പഠനം അവസാനിക്കേണ്ടി വന്നു .മാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ വിജയലക്ഷ്മിയെ വീട്ടുകാർ വിവാഹം കഴിപ്പിക്കുകയും ചെയ്തു .

എന്നാൽ ഭർതൃവീട്ടിലെ പീഡനം സഹിക്ക വയ്യാതെ വിജയലക്ഷ്മി വീട്ടിൽ നിന്നിറങ്ങി മദ്രാസിലേക്ക് വണ്ടി കയറി .സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് വിജയലക്ഷ്മി അഭിനയ ജീവിതം ആരംഭിച്ചു .സംവിധായകൻ വിനു ചക്രവർത്തിയുടെ കണ്ണിൽപ്പെടുന്നതോടെ വിജയലക്ഷ്മിയുടെ സിനിമയിലെ പേര് സിൽക്ക് എന്നാകുന്നു .

1979 ൽ വണ്ടിച്ചക്രം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് സിൽക്ക് .പടം ശ്രദ്ധിക്കപ്പെട്ടതോടെ വിജയലക്ഷ്മിയുടെ പേര് സിൽക്ക് സ്മിത എന്നായി .

കണ്ണും അഴകളവുകളും സെക്സി ലുക്കും സിൽക്കിനെ ഐറ്റം നമ്പറുകളുടെ റാണിയാക്കി .1980 കളിലും 90 കളിലും സിൽക്കിന്റെ ഐറ്റം നമ്പർ ഇല്ലാതെ തെന്നിന്ത്യൻ സിനിമകൾ റിലീസ് ചെയ്യില്ല എന്നുവരെ വന്നു .തമിഴ് ,മലയാളം ,കന്നഡ സിനിമകളിൽ തിരക്കുള്ള നടിയായി സിൽക്ക് മാറി .

സകലകാല വല്ലവൻ ,മൂണ്ട്രാംപിറൈ ,പായുംപുലി ,തങ്കമകൻ തുടങ്ങിയ സിനിമകളിലൂടെ സിൽക്ക് ആരാധകരുടെ സിരകളെ ത്രസിപ്പിച്ചു .

സിൽക്ക് സ്മിതയെ മിനുക്കിയെടുത്തതിൽ വിനുവിനും ഭാര്യക്കും ഉള്ള പങ്ക് ചെറുതല്ല .അവർ സിൽക്കിന്റെ ഡാൻസ് പഠിപ്പിച്ചു .രൂപത്തിലും ഭാവത്തിലും വ്യത്യാസപ്പെടുത്തി .സിൽക്ക് തികഞ്ഞ പ്രൊഫഷണൽ എന്ന് സിനിമാ ലോകം വിധിയെഴുതി .

സിനിമകളിൽ മിന്നും താരം ആയിരുന്നെങ്കിലും സിൽക്കിന്റെ വ്യക്തിജീവിതത്തിൽ നിരവധി താളപ്പിഴകൾ ഉണ്ടായി .പലപ്പോഴും വിഷാദാവസ്ഥയിലേയ്ക്ക് സിൽക്ക് പോയി .അന്തർമുഖ ആയിത്തീർന്ന സിൽക്കിന് വലിയ സൗഹൃദവലയം ഉണ്ടായിരുന്നില്ല .

ഇതിനിടെ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് സിൽക്ക് തിരിഞ്ഞു .എന്നാൽ പരാജയം ആയിരുന്നു ഫലം .ഇത് സിൽക്കിനെ ഉലച്ചു .മധ്യവയസിൽ എത്തിയതോടെ പഴയത് പോലെ സിനിമകൾ ഇല്ലാതായി .ഒടുവിൽ 1996 സെപ്റ്റംബർ 23 ന് സിൽക്ക് സ്വയം അവസാനിപ്പിച്ചു .

സെപ്റ്റംബർ 23 ന് സഹതാരം അനുരാധയെ വിളിച്ച് സിൽക്ക് തനിയ്ക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് എന്നറിയിച്ചിരുന്നു .പിറ്റേ ദിവസം കാണാം എന്ന് അനുരാധ പറയുകയും ചെയ്തു .എന്നാൽ കാത്ത് നിൽക്കാതെ സിൽക്ക് ലോകത്തോട് വിടപറഞ്ഞു .മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടെങ്കിലും അന്വേഷണം ആത്മഹത്യ എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker