കെ എസ് എഫ് ഇ വിജിലൻസ് റെയ്‌ഡ് മുൻനിർത്തി പാർട്ടിയിൽ പുതിയ പോർമുഖം തുറന്ന ധനമന്ത്രി തോമസ് ഐസക്കിന് താക്കീതുമായി സിപിഐഎം .സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ഐസക്കിന്റെ നിലപാടുകൾ അമ്പേ തള്ളി .
”വിജിലൻസ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് .കെ എസ് എഫ് ഇ യെ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അവ .എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു . “എന്നാണ് വാർത്താക്കുറിപ്പിൽ ഐസക്കിന്റെ പേരെടുത്ത് പറയാതെ പാർട്ടിയുടെ കുറ്റപ്പെടുത്തൽ .
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തോമസ് ഐസക്ക് തന്റെ നിലപാട് ആവർത്തിച്ചു .എന്നാൽ മറ്റ് നേതാക്കളിൽ നിന്ന് യാതൊരു വിധ പിന്തുണയും ഐസക്കിന് ലഭിച്ചില്ല .അതേസമയം ,യോഗത്തിൽ തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനം ഉണ്ടായി .വിജിലൻസ് റെയ്‌ഡ് വിവാദമാക്കുന്നതിന് ഐസക്കിന്റെ നിലപാട് കാരണമായി എന്ന് യോഗം വിലയിരുത്തി .മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം ഉണ്ടായി എന്ന വിലയിരുത്തലും യോഗത്തിൽ ഉണ്ടായി .എന്തായാലും വിവാദം അവസാനിപ്പിക്കാൻ ഒടുവിൽ തീരുമാനം എടുത്തു .
മുഖ്യമന്ത്രിയുടെ നിലപാടിനോട് ചേർന്ന് നിൽക്കുന്ന പ്രസ്താവനകൾ ആണ് മറ്റു നേതാക്കൾ യോഗത്തിൽ കൈക്കൊണ്ടത് .ഇതോടെ യോഗത്തിൽ ഐസക്ക് ഒറ്റപ്പെട്ടു .സാധാരണ യോഗം കഴിഞ്ഞ് എ കെ ജി സെന്ററിന്റെ മുമ്പിലൂടെ മാധ്യമപ്രവർത്തകരോട് കുശലം പറഞ്ഞ് കടന്നു പോകാറുള്ള ഐസക്ക് ഇത്തവണ താഴത്തെ നിലയിൽ നിന്ന് കാറിൽ കയറി പോകുകയായിരുന്നു .
വിജിലൻസ് റെയ്ഡിനെ മണ്ടൻ തീരുമാനം എന്നാണ് തോമസ് ഐസക്ക് വിശേഷിപ്പിച്ചത് .ഇതിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ തള്ളി .സ്വാഭാവികവും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും എന്നാണ് മുഖ്യമന്ത്രി റെയ്‌ഡിനെ വിശദീകരിച്ചത് . ഐസക്കിനെ പരസ്യമായി തള്ളി ഇ പി ജയരാജനും കടകംപള്ളി സുരേന്ദ്രനും ജി സുധാകരനും കൂടി രംഗത്ത് എത്തിയതോടെ പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ് തോമസ് എസക്ക് .