ഗാന്ധി കുടുംബത്തിലെ 3 തലമുറയുടെ വിശ്വസ്തൻ ആണ് അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ .2017 ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ അങ്ങിനെ മാധ്യമ ശ്രദ്ധയിൽ വരാത്ത അഹമ്മദ് പട്ടേൽ വാർത്താ മുഖം ആയത് തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ തന്ത്രങ്ങളെ മറികടന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയിച്ചപ്പോൾ ആണ് .40 വര്ഷം കൊണ്ടാണ് അഹമ്മദ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ചത് .
എ പി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അഹമ്മദ് പട്ടേൽ അറിയപ്പെടുന്നത് .ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് അഹമ്മദ് പട്ടേൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആവുന്നത് .രാജീവ് ഗാന്ധിയുടെ കാലത്തോടെ അഹമ്മദ് പട്ടേൽ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവായി .
1977 നു ശേഷം തുടർച്ചയായി അഹമ്മദ് പട്ടേൽ പാർലമെന്റിൽ ഉണ്ട് .ഗുജറാത്തിലെ ബറൂച്ചിൽ നിന്ന് തുടർച്ചയായി 3 തവണ ലോക്സഭാ അംഗം ആയി .1999 മുതൽ രാജ്യസഭാ അംഗമാണ് .
ഇന്ദിര ഗാന്ധിയോടും രാജീവ് ഗാന്ധിയോടും ഉണ്ടായിരുന്ന അടുപ്പമാണ് അഹമ്മദ് പട്ടേലിനെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശക പദവിയിൽ എത്തിച്ചത് .ഒരു പാർട്ടി യോഗത്തിൽ ഞാൻ പഠിച്ചിട്ട് പറയാം എന്ന് സോണിയ ഗാന്ധി പറയുക ആണെങ്കിൽ അത് എ പിയോട് ആലോചിച്ചതിന് ശേഷം പറയാം എന്നാണത്രെ അർഥം .
ഗുജറാത്തിൽ കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത് അഹമ്മദ് പട്ടേൽ മാത്രമായിരുന്നു .രാഹുൽ ഗാന്ധി ചുമതല ഏറ്റെടുത്തതോടെ അഹമ്മദ് പട്ടേലിന്റെ പ്രഭാവം മങ്ങുമെന്നു പലരും കരുതി .തന്റെ 70 കളിൽ ഉള്ള അഹമ്മദ് പട്ടേലിനേക്കാൾ യുവത്വം തുളുമ്പുന്ന ആരെങ്കിലുമാകും രാഹുലിന്റെ ഉപദേശകൻ എന്ന് പലരും കരുതി .
എന്നാൽ 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തകർച്ച അഹമ്മദ് പട്ടേലിന്റെ സാധ്യത വർധിപ്പിക്കുക ആണ് ചെയ്തത് .2016 ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലും 2017 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും തന്ത്രങ്ങൾ മെനയാൻ രാഹുലിനും പ്രിയങ്കയ്ക്കും കൂട്ടായത് അഹമ്മദ് പട്ടേൽ ആണ് .2017 ലെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം കോൺഗ്രസ് ഖജാൻജി ആയി അഹമ്മദ് പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു .
2017 ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ തന്ത്രങ്ങൾ മറികടന്നു അഹമ്മദ് പട്ടേൽ വിജയിച്ചത് 44 വോട്ട് നേടിയാണ് .അമിത് ഷായും സ്‌മൃതി ഇറാനിയും 46 വോട്ടുകൾ വീതവും നേടി .6 കോൺഗ്രസ് എംഎൽഎമാരാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രാജി വച്ചത് .ഇതിൽ 3 പേർ ബിജെപിയിൽ ചേരുകയും അതിലൊരാളായ ബൽവന്ത് സിങ് രാജ്പുത് പട്ടേലിനോട് മത്സരിച്ച് തോൽക്കുകയും ചെയ്തു .
രണ്ട് കോൺഗ്രസ് വിമതരുടെ വോട്ട് അസാധുവാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെയാണ് അഹമ്മദ് പട്ടേലിന്റെ വിജയത്തിന് വഴിയൊരുങ്ങിയത് .സഭയുടെ അംഗബലം 174 ലേക്ക് ചുരുങ്ങിയതോടെ പട്ടേലിന് ജയിക്കാനുള്ള മാന്ത്രിക സംഖ്യ 44 ആയി പുനർനിശ്ചയിക്കപ്പെട്ടു .അത്രയും വോട്ട് നേടി അഹമ്മദ് പട്ടേൽ വിജയിക്കുകയും ചെയ്തു .
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് കാട്ടി 23 കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചതിന്റെ പ്രധാന ഉന്നം അഹമ്മദ് പട്ടേൽ ആണെന്ന് പറയുന്നവർ നിരവധി ആണ് .ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത തന്നെയാണ് കോൺഗ്രസിൽ അഹമ്മദ് പട്ടേലിന്റെ വളർച്ചയ്ക്ക് കാരണം .അത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ശത്രുക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട് .എന്നാൽ അഹമ്മദ് പട്ടേലിനെതിരെ ഉള്ള ഏതൊരു കലാപ നീക്കവും അഹമ്മദ് പട്ടേലിനെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ എന്നതാണ് വാസ്തവം .