ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ജനുവരിയിലെത്തുമെന്ന് റിപ്പോര്‍ട്ട്
കോവിഡിനെതിരെ ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 2021 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എത്തുമെന്ന് റിപ്പോര്‍ട്ട്. അസ്ട്രാസെനകയുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. 70 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്നാണ് അധികൃതര്‍ വാക്‌സിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്. യു.കെ യില്‍ അനുമതി കിട്ടിയതിന് പിന്നാലെ ഇന്ത്യയിലും നല്‍കാനാണ് നീക്കം. ഡിസംബറോടെ ഇന്ത്യയില്‍ അടിയന്തര അനുമതിക്ക് അപേക്ഷ നല്‍കാനാകുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിക്കുന്നത്.
ഇന്ത്യയില്‍ വലിയ തോതില്‍ കോവിഡ് വാക്‌സിന്‍ ആവശ്യമുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ വില കുറച്ച് വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരമാവധി എം.ആര്‍.പി യുടെ പകുതിയായ 500 മുതല്‍ 600 രൂപയ്ക്ക് വരെ രണ്ട് ഷോട്ട് വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മുന്‍സിപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യം കോവിഡ് മരുന്ന് നല്‍കുക. ആദ്യ രണ്ട് ഘട്ടത്തിന്റെ പരീക്ഷണ വിവരങ്ങള്‍ കൈമാറുന്നതോടെ ഭാരത് ബയോടെക്കിന്റെയും കോവാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കുന്നതും പരിഗണനയിലുണ്ട്. ഇതോടെ ഫെബ്രുവരിയില്‍ രണ്ട് വാക്‌സിനുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.