NEWS

ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസ്

രിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ മാത്രമല്ല വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടവുമാണ് കമല സ്വന്തമാക്കിയത്.

അമേരിക്കന്‍ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് കമലയ്ക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരുന്നു. പെന്‍സില്‍വാനിയയിലും ജയം നേടിയതോടെയാണ് ബൈഡന്‍ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്.

ബൈഡന്‍ ജയമുറപ്പിച്ചതോടെ സമൂഹമാധ്യമത്തില്‍ കമല ഇങ്ങനെ പങ്കുവച്ചു. ”ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനോ ഞാനോ പോലുള്ള വ്യക്തികളെക്കുറിച്ചല്ല. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങള്‍ക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം,” എന്നായിരുന്നു.

നേരത്തെ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായും സാന്‍ ഫ്രാന്‍സിസികോ ഡിസ്ട്രിക് അറ്റോര്‍ണിയുമായിരുന്ന കമല ഹാരിസ് 2016 മുതല്‍ അമേരിക്കന്‍ സെനറ്റിന്റെ ഭാഗമാണ്. 2019ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മദിനത്തിലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിര്‍ദേശിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവരുടെ കടന്നുവരവ്.

2016ലാണ് സെനറ്റിലേക്ക് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെടുന്നത്. പുതുമുഖമാണെങ്കിലും ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു കമല. അടുത്ത കാലത്തായി, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇടതുപക്ഷവുമായി കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്താനും രാജ്യത്തിന്റെ ജാമ്യ വ്യവസ്ഥ പരിഷ്‌കരിക്കാനുമുള്ള നിര്‍ദേശങ്ങളെയും അവര്‍ പിന്തുണച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ കമല ഹാരിസ് പറഞ്ഞുപ്രചാരണ ഫണ്ട് തീര്‍ന്നു, ഇനി മുന്നോട്ട് നീങ്ങാന്‍ വഴിയില്ല എന്നായിരുന്നു. എന്നാല്‍ അതിന് ട്രംപിന്റെ മറുപടി കഷ്ടം സങ്കടമായി പോയല്ലോ താങ്കളെ ഞങ്ങള്‍ മിസ്സ് ചെയ്യും എന്നായിരുന്നു. എന്നാല്‍ ട്രംപിന്റെ ആ ട്വീറ്റിന് കമലയുടെ മറുപടി മാസ്സായിരുന്നു വിഷമിക്കേണ്ട മിസ്റ്റര്‍ പ്രസിഡന്റ് നമുക്ക് ഇനിയും കാണാം, താങ്കളുടെ വിചാരണ വരുന്നുണ്ടല്ലോ എന്നായിരുന്നു. 2014 ലായിരുന്നു അറ്റോര്‍ണിയായ ഡഗ്ലസ് എം ഹോഫിനുമായുളള കമലയുടെ വിവാഹം.

1964 ഒക്ടോബര്‍ ഇരുപതിനാണ് കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ ജനിച്ച കമല കുട്ടിക്കാലത്ത് അനുജത്തിയുമൊത്ത് സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ കറുത്ത വര്‍ഗക്കാരെന്ന നിലയില്‍ അനുഭവിച്ചിട്ടുളള അവഹേളനവും പരിഹാസവും മറന്നിട്ടില്ലാത്തതിനാല്‍ ആരുടേയും മുമ്പില്‍ വാദിക്കാനും ജയിക്കാനുമറിയാം.

മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ മുന്‍ സാമ്പത്തികശാസ്ത്ര അധ്യാപകനായ ഡൊണാള്‍ഡ് ഹാരിസും കമലയ്ക്ക് അഞ്ച് വയസ്സുളളപ്പോള്‍ വേര്‍പിരിഞ്ഞശേഷം ഇന്ത്യയുടെ ഉള്‍ത്തുടിപ്പുകളറിഞ്ഞും കറുത്ത വര്‍ഗക്കാരിയായി സ്വയം തിരിച്ചറിഞ്ഞുമാണ് കമല വളര്‍ന്നത്.

പിന്നീട് കമലയും സഹോദരി മായയും അമ്മയ്ക്കൊപ്പമായിരുന്നു. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയായിട്ടാണ് കമല അമ്മയെ കാണുന്നത്. വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയില്‍നിന്നാണ് കമല ബിരുദം നേടിയത്. ആഫ്രിക്കന്‍-അമേരിക്കന്‍ വനിതാസമാജമായ ആല്‍ഫ കാപ്പ ആല്‍ഫയിലെ അംഗമായിരുന്നു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്സ് കോളേജ് ഓഫാ ലോയില്‍നിന്ന് നിയമബിരുദവും കമല സ്വന്തമാക്കിയിട്ടുണ്ട്.

Back to top button
error: