രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന് പരോള്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ അനുവദിച്ചത്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിന് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു
വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
2018 സെപ്റ്റംബറിലാണ് തമിഴ്‌നാട് പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണി പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ പ്രതികളില്‍ പേരറിവാളന്റെയും മറ്റു 2 പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാന്‍ സുപ്രീം കോടതി 2014ല്‍ തീരുമാനിച്ചിരുന്നു.