ബിനീഷിന്റെ വീട്ടില്‍ നിന്ന് ഇഡി പുറത്തേക്ക്, വാഹനം തടഞ്ഞ് പോലീസ്
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കഴിഞ്ഞ 23 മണിക്കൂറിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. അതേസമയം, പുറത്തേക്ക് പോയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു. വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പിന്നീട് അറിയാക്കമെന്ന് പറഞ്ഞതോടെ വാഹനം പോകാന്‍ അനുവദിക്കുകയായിരുന്നു.
അതേസമയം, വളരെ നാടകീയ രംഗങ്ങളായിരുന്നു ബിനീഷിന്റെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ അരങ്ങേറിയത്. ബിനീഷിന്റെ വീടിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധമാണ് അരങ്ങേറിയത്. വീടിനുളളിലുളള ബിനീഷിന്റെ ഭാര്യയേയും അവരുടെ അമ്മയേയും രണ്ടരവയസ്സുളള കുട്ടിയേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്സ്മെന്റ് സംഘത്തിന് സുരക്ഷ നല്‍കുന്ന സിആര്‍പിഎഫും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
അതേസമയം അകത്തേക്ക് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല. അകത്തുള്ളവരെ കാണാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചത്. അനുമതി നല്‍കുന്നതു വരെ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്കറിയണം. രണ്ട് സ്ത്രീകളും രണ്ടര വയസ്സുള്ള കുട്ടി പോലും വീടിനുള്ളിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയണം. വീട്ടുതടങ്കലില്‍ വെച്ചത് പോലെയാണ് ഇപ്പോഴുള്ളത്. ഫോണിലൂടെ ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ല. നിയമനടപടിയുമായി മുന്നോട്ടുപോവും. ബന്ധുക്കള്‍ പറഞ്ഞു.
മനുഷ്യത്വത്തിന്റെ പേരിലെങ്കിലും ഉള്ളിലുള്ളവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അവര്‍ കൊണ്ടുവച്ചതായിരിക്കും. കാര്‍ഡ് വീട്ടില്‍ നിന്ന് കണ്ടെത്തിയതാണെന്ന് സമ്മതിക്കില്ലെന്നാണ് ബിനീഷിന്റെ അമ്മയുടെ സഹോദരി പറഞ്ഞത്.
എന്നാല്‍ ബന്ധുക്കളെ ഇപ്പോള്‍ കാണേണ്ടെന്നാണ് ബിനീഷിന്റെ ഭാര്യ പറഞ്ഞതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയും അത് ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ഇത് ഭീഷണിപ്പെടുത്തി പറയിച്ചതായാകാമെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം, ഏറെ നേരത്തിനൊടുവില്‍ ബിനീഷിന്റെ ഭാര്യയും കുഞ്ഞും മാതാവും പുറത്തെത്തി.
മണിക്കൂറുകള്‍ വീട്ടില്‍ നടന്ന പരിശോധന കുഞ്ഞനെയടക്കം ബുദ്ധിമുട്ടിലാക്കിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. അതേസമയം, തല പോയാലും ഇഡിയുടെ മഹസറില്‍ ഒപ്പിടില്ല എന്ന നിലപാടില്‍ തന്നെയാണ് ബിനീഷിന്റെ കുടുംബത്തിന്റെ നിലപാട്.
സംഭവ സമയം ബാലാവകാശ കമ്മീഷന്‍ എത്തിയതിനാല്‍ ബിനീഷിന്റെ കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും നടപടിയെടുക്കുമെന്നും ആരോപിക്കപ്പെട്ടു.
അതേസമയം, ബിനീഷിന്റെ കുടംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
ഇ.ഡിക്കൊപ്പം കര്‍ണാടക പൊലീസും സിആര്‍പിഎഫും ബിനീഷിന്റെ വീട്ടിലുണ്ട്. കഴിഞ്ഞ 23 മണിക്കൂറായി അന്വേഷണസംഘം ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂജപ്പുരയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.