NEWS

സിമ്പുവിനെ കുരുക്കാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍

മിഴ് സിനിമാ ലോകത്ത് വാര്‍ത്തകളിലും വിവാദങ്ങളിലും എപ്പോഴും നിറയുന്ന താരമാണ് ചിമ്പു എന്ന സിലമ്പരസന്‍. വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. താരമായ അച്ഛന്റെ പാത പിന്‍പറ്റി ചെറുപ്പം മുതലേ ചിമ്പു സിനിമയിലുണ്ട്.

ഇപ്പോള്‍ ചിമ്പു വാര്‍ത്തകളില്‍ നിറയുന്നത് പുതിയ ചിത്രമായ ഈശ്വരന്റെ പേരിലാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ ചിമ്പു പാമ്പിനെ പിടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മരത്തിലിരിക്കുന്ന പാമ്പിനെ എടുത്ത് താരം ചാക്കിലേക്ക് ഇടുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. സിനിമാ ചിത്രീകരണത്തിന് യഥാര്‍ത്ഥ പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചിമ്പുവിന്റെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചത് ജീവനുള്ള പാമ്പാണെന്ന് തെളിഞ്ഞാല്‍ താരത്തിനെതിരെയും ചിത്രത്തിനെതിരെയും നിയമപരമായ നടപടികളുണ്ടാവാം.

Signature-ad

പുറത്ത് വന്ന വീഡിയോയില്‍ താരത്തിനൊപ്പം മറ്റ് രണ്ട് പേരെ കൂടി കാണാം. വീഡിയോ ശ്രദ്ധയില്‍ പെട്ട ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് താരത്തിനെതിരെ വനം വകുപ്പിന് പരാതി നല്‍കിയത്. ഇതിന് പുറമേ പ്രവര്‍ത്തകര്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോയില്‍ കാണുന്നത് യഥാര്‍ത്ഥ പാമ്പാണെന്നും ഇതിനെ മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് ചിത്രീകരണത്തിന് ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണെന്ന് തെളിഞ്ഞാല്‍ ചിമ്പുവും ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും കേസില്‍പ്പെടും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും താരം ഒരു പാമ്പിനെ കഴുത്തിലിട്ട് നില്‍ക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ചിമ്പുവിനെ നായകനാക്കി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ സുശീന്ദ്രനാണ്.

Back to top button
error: